യുഡിഎഫ് സര്‍ക്കാരിനെ ജനം തൂത്തെറിയും: കെ.ഇ. ഇസ്മയില്‍

ekm-ismaileപറവൂര്‍: അഴിമതിയും കെടുകാര്യസ്ഥതതയും മുഖമുദ്രയാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ പറഞ്ഞു.എല്‍ഡിഎഫ് പറവൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ പുല്ലംകുളം എസ്എന്‍എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനിടയില്‍ കാര്‍ഷികമേഖലയും പരമ്പരാഗത വ്യവസായമേഖലകളും തകര്‍ന്നു. വിലക്കയറ്റം തടയാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല.

പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നതെന്നും ഇസ്മയില്‍ പറഞ്ഞു. വീട് വയ്ക്കുന്നതിനായി മൂന്നുലക്ഷം പേര്‍ സ്ഥലത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് 2500ഓളം ഏക്കര്‍ മിച്ചഭൂമി കുത്തകകള്‍ക്ക് പതിച്ചു നല്‍കാന്‍ ശ്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇസ്മയില്‍ കുറ്റപ്പെടുത്തി.

ടി.ആര്‍. ബോസ് അധ്യക്ഷത വഹിച്ചു. പി. രാജു, കെ. ചന്ദ്രന്‍പിള്ള, കമലാ സദാനന്ദന്‍, കെ.എം. ദിനകരന്‍, മുരളി മോഹന്‍, സ്ഥാനാര്‍ഥി ശാരദാ മോഹന്‍, കെ.ബി. അറുമുഖന്‍, എം.എന്‍. ശിവദാസന്‍, എന്‍.ഐ.പൗലോസ്, എം.കെ. ബാനര്‍ജി എന്നിവര്‍ പ്രസംഗിച്ചു.

Related posts