മുളങ്കുന്നത്തുകാവ്: മെഡിക്കല്‍കോളജ് തങ്ങാലൂര്‍ റോഡില്‍ രണ്ടുദിവസം മുമ്പ് കടപുഴകിയ മരംമുറിച്ചു മാറ്റാത്തതുമൂലമുള്ള ഗതാഗതം സ്തംഭനം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മെഡിക്കല്‍കോളജ് കാമ്പസിലെ വന്മരമാണ് ശക്തമായ കാറ്റില്‍ റോഡിനു കുറുകേ വീണത്. മുണ്ടത്തിക്കോട്, തങ്ങാലൂര്‍, മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കുള്ള വഴിയാണിത്. സ്വകാര്യ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മരം റോഡില്‍നിന്നും മുറിച്ചുമാറ്റാനുള്ള ഒരു ശ്രമവും കോളജ് അധികൃതര്‍ നടത്തിയിട്ടില്ല. പാഴ്മരം മുറിച്ചുമാറ്റാന്‍ കരാറുകാരന് തയാറാകാത്തതാണ് കാരണമെന്നാണ് പറയപ്പെടുന്നത്.
പൊടിഞ്ഞി ഇനത്തില്‍പെട്ട മരത്തിന് വിലകിട്ടില്ലെന്നാണ് കരാറുകാര്‍ പറയുന്നത. മുറിച്ചുമാറ്റി വില്പന നടത്തുന്നതിന് അങ്ങോട്ട് കൂലി നല്‍കണമെന്നാണ് കരാറുകാരന്റെ നിലപാട്. ഗതാഗത തടസത്തെ തുടര്‍ന്ന് നാലുകിലോമീറ്റര്‍ ചുറ്റി അവണൂര്‍, വെളപ്പായ വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പോകുന്നത്. അപകടങ്ങളില്‍പെട്ട് ഗുരുതരാവസ്ഥയില്‍ രോഗികളുമായി വരുന്ന വാഹനങ്ങള്‍ മരംവീണ ഭാഗത്ത് എത്തുമ്പോഴാണ് ഗതാഗതതടസം അറിയുന്നത്.
മെഡിക്കല്‍കോളജ് ആശുപത്രിയില്‍നിന്നും വാഹനങ്ങള്‍ വിളിച്ച് തങ്ങാലൂര്‍ ഭാഗത്തേയ്ക്കു പോകാന്‍ 30 രൂപയാണ് ചാര്‍ജ്. ഗതാഗത തടസം മൂലം വേറെ വഴി ചുറ്റിപ്പോകുന്നതുമൂലം 150 രൂപയോളം ഓട്ടോചാര്‍ജ് നല്‍കണം. പാവപ്പെട്ടവരില്‍നിന്നും ഇത്രയും തുക ഈടാക്കാന്‍ കഴിയാത്തതിനാലും പെട്രോള്‍ നഷ്്ടവും മൂലം ഓട്ടം പോകാന്‍ വിസമ്മതിക്കുകയാണ് ഓട്ടോ തൊഴിലാളികള്‍.