രണ്ടുപേരുടെ ജീവന്‍ രക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ ആദരം

alp-anumodanamആലപ്പുഴ: സ്വന്തം ജീവനെ തന്നെ മറന്ന് അന്യരുടെ ജീവനെ രക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ ആദരം. ആലപ്പുഴ ബ്ലോക്ക് കോസ്റ്റല്‍ മണ്ഡലം സീവ്യുവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജനശ്രീ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് യാസിമിനെയും ആലപ്പുഴ ലിയോതേര്‍ട്ടീന്ത് ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റിയന്‍ വിന്‍സെന്റിനേയും ആദരിച്ചത്.

വൈദ്യുതാഘാതമേറ്റ് നിലത്തുവീണ് വായില്‍ നിന്നും നുരയും പതയും വന്ന് മരണത്തോടു മല്ലടിച്ചുകൊണ്ടിരുന്ന അമ്മയേയും സമീപത്തേക്ക് ഓടിയെത്തിയിരുന്ന നഴ്‌സറി വിദ്യാര്‍ഥിനിയായ സഹോദരി ഫാത്തിമുത്ത് സുഹറയേയുമാണ് മുഹമ്മദ് യാസിം രക്ഷിച്ചത്. മകനെ എടുത്ത് ഓടി കസേരയെടുത്ത് മെയിന്‍ സ്വിച്ച് ഓഫാക്കി മുഹമ്മദ് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ലജ്‌നത്ത് വാര്‍ഡില്‍ കയര്‍തൊഴിലാളി ഫൈസലിന്റെയും ലജനത്ത് വാര്‍ഡ് കൗണ്‍സിലര്‍ സജീന ഫൈസലിന്റെയും മകനാണ്.

സ്കൂളിലേക്കു പോകുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ സൈക്കിളുമായി വീണ കൂട്ടുകാരനെയാണ് സെബാസ്റ്റിയന്‍ വിന്‍സെന്റ് രക്ഷിച്ചത്. ട്രെയിന്‍ വരുന്നതു കണ്ട് പരിഭ്രമിച്ച് പാളത്തില്‍ വീണതായിരുന്നു ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി. മനോധൈര്യം വിടാതെ പാളത്തില്‍ വീണ കുട്ടിയെ ചവിട്ടിമാറ്റിയിട്ട് രക്ഷിക്കുകയായിരുന്നു സെബാസ്റ്റ്യന്‍. സെബാസ്റ്റ്യനും വീഴിരുന്നു. കൈയും ഒടിഞ്ഞു. അനുമോദന സമ്മേളനത്തില്‍ ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ ഇരുവരേയും പൊന്നാടയണിയിച്ചു. സീവ്യൂവാര്‍ഡ് കൗണ്‍സിലര്‍ കരോളിന്‍ പീറ്റര്‍, റാഫേല്‍ ഡിക്രൂസ് എന്നിവര്‍ മെമന്റോ നല്കി. സംഘം സെക്രട്ടറി വി.കെ. മറിയാമ്മ ക്യാഷ്അവാര്‍ഡും നല്കി. ഗോപാലകൃഷ്ണപിള്ള, സേവ്യര്‍, ഇ. താജു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts