രണ്ടുമാസമായി ഓട്ടം നിര്‍ത്തിയ ബസുകള്‍ വീണ്ടും സ്റ്റാന്‍ഡിലേക്ക് സര്‍വീസ് തുടങ്ങി

PKD-BUSSTANDകൊല്ലങ്കോട്:  രണ്ടുമാസമായി ഓട്ടംനിര്‍ത്തിവച്ച ബസുകള്‍ സ്റ്റാന്‍ഡിലേക്ക് വീണ്ടും ഓടിത്തുടങ്ങി. പ്രധാന റോഡില്‍നിന്നും സ്റ്റാന്‍ഡിലേക്കുള്ള 250 മീറ്റര്‍ റോഡ് തകര്‍ന്നു ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും യാത്രക്കാര്‍ക്കു ബസുകളിലെ കമ്പികളില്‍ തട്ടി പരിക്കേല്ക്കുന്നതും പതിവായതോടെയാണ് ബസ് സര്‍വീസ് നിര്‍ത്തിവച്ചത്.ബസോട്ടം നിലച്ചതോടെ ബുദ്ധിമുട്ടിലായ യാത്രക്കാരും കച്ചവടനഷ്ടമുണ്ടായ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

യാത്രക്കാര്‍ കുഞ്ഞുങ്ങളുമായി ബസുകയറാന്‍ വെയിലത്തു നില്‌ക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ഇതിനു പുറമേ പുതുനഗരം- കൊല്ലങ്കോട്്  റോഡില്‍ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കുസമീപം  ബസ്  കാത്തുനില്ക്കുന്നതും അപകടഭീഷണിയായി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചതോടെ തകര്‍ന്ന റോഡില്‍ മെറ്റലിട്ട്  നികത്തി താത്കാലികമായി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.എത്രയുംവേഗം റോഡ് ടാര്‍ ചെയ്യുമെന്ന ഉറപ്പിന്മേലാണ് ബസുകള്‍ വീണ്ടും സ്റ്റാന്‍ഡിലേക്ക് കയറി തുടങ്ങിയിരിക്കുന്നത്. ബസ്സ്റ്റാന്‍ഡ് റോഡിന്റെ ഇരുവശത്തും വളര്‍ന്ന കാടുകളും വെട്ടിനീക്കി ശുചീകരിച്ചു.

Related posts