തൃശൂര്‍: ഒല്ലൂര്‍ മരത്താക്കരയില്‍ നിന്നും കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിനെതിരെ തമിഴ്‌നാട്ടില്‍ കൊലക്കേസടക്കം നിരവധി കേസുകളുള്ളതായി സൂചന. മാവോയിസ്റ്റ് ബന്ധം സംശയിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളായ രാജന്‍(55), സുമതി(45) എന്നിവരെ കഴിഞ്ഞ ദിവസമാണ് ക്യൂബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. രാജന്‍ എന്ന പേരിലാണ് ഇയാള്‍ താമസ സ്ഥലത്ത് അറിയപ്പെട്ടിരുന്നതെങ്കിലും മുരുകന്‍ എന്നും മഹാലിംഗമെന്നും ഇയാള്‍ക്ക് പേരുകളുള്ളതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സിന് വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ അത്തരം ഓപ്പറേഷനുകളില്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. ഒല്ലൂര്‍ മരത്താക്കര ശാന്തിനഗര്‍ കോളനിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മൂശാരി ഒളവണ്ണ സുബ്രഹ്മണ്യന്റെ വീട്ടിലെ ഒരു മുറിയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. പരിസരവാസികളുമായി അടുപ്പമൊന്നും ഇല്ലാത്ത ഇവര്‍ കൂലിപ്പണി ചെയ്താണ് ഉപജീവനം കഴിച്ചിരുന്നത്. പണിയുള്ള ദിവസം രാവിലെ ആറിന് വീട്ടില്‍ നിന്നും പോകുന്ന ഇവര്‍ക്ക് മദ്യപാനമോ പുകവലിയോ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്.
2010 മുതല്‍ ഇയാളെ കാണാനില്ലെന്ന പരാതി തമിഴ്‌നാട് പോലീസിന് ലഭിച്ചിരുന്നു. പല കേസുകളിലും ഉള്‍പ്പെട്ട ഇയാള്‍ തമിഴ്‌നാട് വിട്ട് കേരളത്തില്‍ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരില്‍ നിന്നും ഒരു സംഘത്തെ തമിഴ്‌നാട് പോലീസ് പിടികൂടിയിരുന്നു. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്യൂബ്രാഞ്ച് രാജനേയും സുമതിയേയും നിരീക്ഷിച്ചുവരികയായിരുന്നു. തമിഴ്‌നാട് കോടതിയുടെ വാറണ്ടോടെയാണ് ക്യൂ ബ്രാഞ്ച് എത്തിയതെന്നും സൂചനയുണ്ട്.
രാജന്റെ കാലിന് ചെറിയ വൈകല്യമുണ്ട്. സുമതിയുടെ കൈവിരലുകള്‍ മുറിഞ്ഞുപോയതാണ്. എങ്ങിനെയാണ് ഇത് സംഭവിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല. അപകടത്തില്‍ പെട്ടാണ് ഇത് സംഭവിച്ചതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച് ഇവരെ നിരീക്ഷിച്ച് ഒല്ലൂരില്‍ ഒരു മാസത്തോളമായി ക്യാമ്പ് ചെയ്തിരുന്നു. രാജനും സുമതിയും കേരളത്തിലുണ്ടെന്ന വിവരം ലഭിച്ച ക്യൂ ബ്രാഞ്ച് പലയിടത്തും കറങ്ങിയ ശേഷമാണ് ഒല്ലൂരിലെത്തിയതത്രെ. കോളനിനിവാസികള്‍ക്ക് രാജന്റെയും സുമതിയുടേയും ഫോട്ടോ കാണിച്ചു കൊടുത്തപ്പോള്‍ തിരിച്ചറിയുകയും വീട് വളഞ്ഞ് ഇവരെ പിടികൂടുകയുമായിരുന്നു. തമിഴ്‌നാട് ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീടുവളഞ്ഞതറിഞ്ഞ് രാജന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.