രാമായണമാകെ മന:പാഠമാക്കി അഞ്ചാം ക്ലാസുകാരന്‍ ആദിത്യന്‍

tvm-ramayanamസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കര്‍ക്കടകം രാമായണമാസമായി ആചരിക്കുമ്പോള്‍ നെയ്യാറ്റിന്‍കര കാരക്കോണം കുടയാല്‍ സ്വദേശി ആദിത്യന് തിരക്കോട് തിരക്കാണ്. രാമായണം പാരായണത്തിലും പ്രശ്‌നോത്തരിയിലും സജീവമായി പങ്കെടുക്കുന്ന  ഈ മത്സരാര്‍ഥി ആത്മീയ പ്രഭാഷണത്തിലൂടെ ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുന്നു. രാമായണത്തിലെ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെ ആദിത്യന്‍ എന്ന അഞ്ചാം ക്ലാസുകാരന് മന:പാഠം.

കാരക്കോണം വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിയായ ആദിത്യന്‍ ഇതിനോടകം ഇരുപതോളം വേദികളില്‍ രാമായണം ആസ്പദമാക്കി പ്രഭാഷണം നടത്തിക്കഴിഞ്ഞു. പിതാവ് ഗോപകുമാറും മുത്തശ്ശന്‍ ശ്രീധരന്‍നായരും നന്നായി രാമായണം പാരായണം ചെയ്യാറുണ്ട്. പാരമ്പര്യത്തിന്റെ ഇഴ ചേര്‍ന്ന ഈ ശീലമാണ് ആദിത്യനിലും രാമായണത്തോടും പുരാണങ്ങളോടുമുള്ള ആഭിമുഖ്യത്തിന് കാരണം. രാമായണത്തിലെ പ്രധാന ശ്ലോകങ്ങള്‍ വിവരിച്ചും വ്യാഖ്യാനിച്ചുമുള്ള ആദിത്യന്റെ പ്രഭാഷണം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു.

രാമായണം പാരായണം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ആദിത്യന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്കൂളിലെ മികച്ച പ്രാസംഗികന്‍ കൂടിയാണ്. കാരക്കോണം കുടയാല്‍ മകയിരം തോട്ടപ്പുര വീട്ടില്‍ ട്രഷറി ഉദ്യോഗസ്ഥന്‍ ഗോപകുമാറിന്റെയും അധ്യാപിക സജിതയുടെയും മകനാണ് ആദിത്യന്‍. സഹോദരി അനഘ. വായ്പാട്ട്, വയലിന്‍ എന്നീയിനങ്ങളിലും ഈ കൊച്ചുമിടുക്കന്‍ പരിശീലനം നേടുന്നുണ്ട്. ഈ വര്‍ഷം തന്നെ  രണ്ടിനങ്ങളിലും ആദിത്യന്‍ അരങ്ങേറ്റം നടത്തുമെന്ന് പിതാവ് ഗോപകുമാര്‍ ദീപീകയോട് പറഞ്ഞു.

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാമായണ പ്രഭാഷണം നടത്തിയ ആദിത്യനെ ക്ഷേത്രം ഉപദേശക സമിതി ആദരിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ടി. ശ്രീകുമാരന്‍നായര്‍, സെക്രട്ടറി എസ്.കെ ജയകുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ എസ്.ആര്‍ സജിന്‍, എം.എസ് ശിവകുമാര്‍, വി. ശിവശങ്കരപ്പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related posts