മട്ടന്നൂര്‍: കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും ഇഹ്സാന്‍ എന്ന പേരില്‍ നടത്തിവരാറുളള റംസാന് പ്രഭാഷണവും ഹജ്ജ് ക്യാമ്പും ആംബുലന്‍സ് സമര്‍പ്പണവും നാളെമുതല്‍ 12 വരെ നടക്കും. ഒന്‍പതിന് രാവിലെ ഒന്‍പതിന് കൊതേരി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഹജ്ജ് ക്യാമ്പിന് ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. 10ന് ഫിറോസ് ഖാന് ഇര്‍ഫാനിയും 11, 12 തീയതികളില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന് സിറാജീദ്ദീന് ഖാസിമി പത്തനാപുരവും പ്രഭാഷണം നടത്തും. തുടര്‍ന്നു ആംബുലന്‍സ് സമര്‍പ്പണവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥന സദസോടെ നാലുദിവസമായി നടന്ന പരിപാടി സമാപിക്കും. സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിനു കീഴില്‍ വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, സൗജന്യ കുടിവെളള വിതരണം, നിര്‍ധന രോഗികള്‍ക്കുളള മരുന്ന് വിതരണം എന്നിവ നടത്തി വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.എ. ഷറഫൂദ്ദീന്‍, ശുഹൈബ് കൊതേരി, ടി.കെ. മുഹമ്മദലി ഹാജി, എം.പി. റഷീദ്, പി. അബ്ദുള്‍ ഗഫൂര്‍, പി.കെ.പി. റാഷിദ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.