ചെറുവത്തൂർ: സ്വവർഗലൈംഗിക താത്പര്യമുള്ള പുരുഷന്മാർ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികളുടെ പട്ടിക കണ്ട് നടുങ്ങി കാസർഗോഡ് ജില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, റെയിൽവേ ഉദ്യോഗസ്ഥനായ ഫുട്ബോൾ പരിശീലകൻ, മുസ്ലിംലീഗ് നേതാവ്, സിപിഎം നേതാവിന്റെ അടുത്ത ബന്ധു എന്നുതുടങ്ങി തികച്ചും സാധാരണക്കാരായ ആളുകൾ വരെ പ്രതിപ്പട്ടികയിലുണ്ട്.
സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവർ പൊതുവേ അകറ്റിനിർത്തുന്ന തരത്തിലുള്ള ഇത്തരം ഡേറ്റിംഗ് ആപ്പുകളും ഭിന്നലൈംഗിക താത്പര്യവും ഇവർക്കെല്ലാമുണ്ടായിരുന്നുവെന്ന അറിവ് തന്നെ ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും പറയുന്നു.പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പയ്യന്നൂർ കോറോത്തെ സി.ഗിരീഷിനെ (47) ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പീഡനവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബേക്കല് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശിയായ വി.കെ.സൈനുദ്ദീന്(52), റെയില്വേ പോലീസ് ഉദ്യോഗസ്ഥനും ഫുട്ബോള് പരിശീലകനുമായ പിലിക്കോട്ടെ ചിത്രരാജ് എരവില് (48), വെള്ളച്ചാല് സ്വദേശി സുകേഷ്(30), തൃക്കരിപ്പൂര് വടക്കേകൊവ്വലിലെ റയീസ് (30), വള്വക്കാട്ടെ അബ്ദുള് റഹ്മാന് ഹാജി(55), ചന്തേരയിലെ അഫ്സല് (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാന്(64), തൃക്കരിപ്പൂര് പൂച്ചോലിലെ നാരായണന്(60) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മറ്റൊരു പ്രതിയായ തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശിയും മുസ്ലീംലീഗ് നേതാവുമായ സിറാജുദ്ദീൻ (46) ഒളിവിലാണ്. അറസ്റ്റുണ്ടായതിനു പിന്നാലെ സൈനുദ്ദീനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.സംഭവത്തിൽ 15 കേസുകളിലായി 16 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ചന്തേര സ്റ്റേഷനിൽ മാത്രം ഒന്പതു കേസുകളിലായി 10 പ്രതികളുണ്ട്. ആറു കേസുകൾ പയ്യന്നൂർ, തലശേരി, കോഴിക്കോട് കസബ, കൊച്ചി എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടി 14 വയസ് മുതലാണ് പീഡനത്തിനിരയായത്. സ്വവർഗരതിക്കാർ ഉപയോഗിക്കുന്ന ഗ്രൈൻഡ് എന്ന ഡേറ്റിംഗ് ആപ്പ് കുട്ടി തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഈ ആപ്പിലൂടെയാണ് ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുൾപ്പെടെ കുട്ടിയെ പരിചയപ്പെട്ടതും പീഡനത്തിനിരയാക്കിയതും. പ്രതിഫലമായി കുട്ടിക്ക് പണവും സമ്മാനങ്ങളുമുൾപ്പെടെ ലഭിച്ചിരുന്നതായാണ് സൂചന. യുപിഐ വഴിയും പണം കൈമാറിയിരുന്നു.
ഒരുദിവസം കുട്ടിയുടെ മാതാവ് വീട്ടിലെത്തിയപ്പോൾ ഒരാൾ ഇറങ്ങിയോടുന്നത് കണ്ടു. കുട്ടിയുടെ കൈവശം പണം കാണപ്പെടുകയും ഫോൺ പരിശോധിക്കുകയും ചെയ്തപ്പോൾ സംശയം തോന്നിയ ഇവർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഓരോന്നായി പുറത്തുവന്നത്. 2023 മുതല് 2025 വരെയുള്ള കാലയളവില് എട്ടുമുതല് പത്തുവരെ ക്ലാസില് പഠിച്ചിരുന്ന കാലത്ത് കുട്ടിയെ വീട്ടില്വെച്ചും വിവിധ സ്ഥലങ്ങളില് കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്നതായാണ് കണ്ടെത്തിയത്.
കാസര്ഗോഡ്, കണ്ണൂര്, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിന്നായി 16 ആളുകളുടെ പേരാണ് വിദ്യാര്ഥിയുടെ മൊഴിയിലുള്ളത്.
കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേല്നോട്ടത്തില് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുനില്കുമാറിന്റെ നേതൃത്വത്തില് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.