അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിനിയായ മേരി തോണ് ഇപ്പോള്‍ വലിയൊരു പോരാട്ടത്തിലാണ്. അവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തെ സംരക്ഷിക്കാനുള്ള അവകാശം തനിക്കുതന്നെ വിട്ടുതരണമെന്ന ആവശ്യവുമായാണ് അവര്‍ സമരത്തിനിറങ്ങുന്നത്.
മേരിയുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമാണ് റാംബോ എന്ന ചീങ്കണ്ണി. 15 വയസ് പ്രായമുള്ള റാംബോയെക്കുറിച്ച് പറയാന്‍ മേരിക്ക് നൂറു നാവാണ്. മനുഷ്യരെപ്പോലെ വസ്ത്രം ധരിച്ചാണ് നടത്തം. ഓള് ടെറെയ്ന്‍ വാഹനം ഓടിക്കാന്‍ കക്ഷി മിടുക്കനാണ്. മാത്രമല്ല ആംഗ്യഭാഷ മനസിലാക്കി പ്രവര്‍ത്തിക്കാനും കഴിയും.
ചീങ്കണ്ണിയെ സംരക്ഷിക്കണമെങ്കില്‍ കുറഞ്ഞത് 2.5 ഏക്കര്‍ വലുപ്പമുള്ള തുറന്ന പ്രദേശം കണ്ടെത്തണമെന്ന് ഫ്ളോറിഡ വന്യജീവി കമ്മീഷന് മേരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ മേരി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. നേരത്തെ നാലു ചീങ്കണ്ണികളായിരുന്നു മേരിക്കുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവശേഷിക്കുന്നത് റാംബോ മാത്രം. പുറത്ത് പുതിയ സ്ഥലം കണ്ടെത്തിയാല്‍ റാംബോയ്ക്ക് അവിടെ അതിജീവിക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്നും മേരി പറയുന്നു.
വീടിനുള്ളില്‍ കഴിഞ്ഞാണ് 15 വയസുകാരന് റാംബോയ്ക്ക് ശീലം. മാത്രമല്ല, നല്ല ട്രെയിനിംഗും നല്‍കിയിട്ടുണ്ട്. കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്ന റാംബോ കുട്ടികള്‍ അടുത്തു വന്നാല്‍പ്പിന്നെ വായ തുറക്കില്ലെന്നും മേരി പറയുന്നു.