തലശേരി: സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന അഞ്ചംഗസംഘത്തിലെ രണ്ടുപേരെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പയഞ്ചേരിമുക്കിലെ അര്‍ഷാദ് (21), ഇരിട്ടി താന്തോട് സ്വദേശി അഭിജിത്ത് (19) എന്നിവരെയാണ് തലശേരി എസ്ഐ സാജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇടുക്കി ഏലപ്പാറ സ്വദേശി ജയനെ തലശേരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് വച്ച് കൊള്ളയടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായിട്ടുള്ളത്.
തലശേരി, തൃശൂര്‍, എറണാകുളം റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആദ്യമായിട്ടാണ് ഈ സംഘത്തിലുള്ളവര്‍ പോലീസ് വലയിലാകുന്നത്. മദ്യപിച്ചെത്തുന്ന യാത്രക്കാരെ അസന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയാണ് സംഘത്തിന്റെ പതിവ്. ഇത്തരം കേസുകളില്‍ ആളുകള്‍ പരാതിപറയുക കുറവായതിനാലാണ് സംഘം ഇതുവരെ വലയിലാകാതിരുന്നത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.