ലക്കിടി റെയില്‍വേ കമാനത്തിനടിയിലൂടെ ഇരുചക്രവാഹനക്കാരുടെ സാഹസികയാത്ര

PKD-RAILUNDERഒറ്റപ്പാലം: ലക്കിടി റെയില്‍വേ കമാനത്തിന് അടിയിലൂടെ ഇരുചക്രവാഹനക്കാരുടെ സാഹസികയാത്ര. റെയില്‍വേ ഗേറ്റ് അടച്ചാല്‍ കമാനത്തിന് അടിയിലൂടെയുളള ഈ സഞ്ചാരം മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുളള സഞ്ചാരമാണ്.ഭാരതപുഴയിലേക്കുള്ള ഈ സഞ്ചാരയോഗ്യമല്ലാത്ത നടപ്പാത വഴി വാഹനങ്ങള്‍ ഇറക്കാനോ കയറ്റാനോ കഴിയില്ലെന്ന തിരിച്ചറിവുമൂലം റെയില്‍വേ കുറ്റികെട്ടി അടയ്ക്കാത്തതാണ് സാഹസികയാത്ര വ്യാപകമാകാന്‍ മുഖ്യകാരണം.

ലക്കിടി റെയില്‍വേ സ്റ്റേഷനു കിഴക്കുമാറി പാലക്കാട്-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-തിരുവില്വാമല പാതയില്‍ റെയില്‍വേ ഗേറ്റ് അടച്ചാലാണ് ഇരുചക്രവാഹനക്കാര്‍ സര്‍ക്കസ് അഭ്യാസം തുടങ്ങുന്നത്.തിരുവില്വാമല മേഖലയില്‍നിന്നും വരുന്ന ഇരുചക്രവാഹന യാത്രക്കാരാണ് സമാന്തരപാതയായി പുഴയുടെ തീരദേശ റോഡിനോടു ചേര്‍ന്നുള്ള വൃഷ്ടിപ്രദേശത്തെ മാറ്റുന്നത്. അതിവിദ്ഗധമായി റോഡില്‍നിന്നും തീരദേശ റോഡിലേക്ക് ഇറക്കിയശേഷം ബൈക്കുകള്‍ മേല്‍പാലത്തിനടിയിലൂടെ മറുഭാഗം കടക്കുന്നതിനിടയില്‍ ഏതുനിമിഷവും അപകടം ഉറപ്പാണ്.

ശ്രദ്ധയൊന്നു തെറ്റുകയോ വണ്ടിയുടെ നിയന്ത്രണം നഷ്ടമാകുകയോ ചെയ്താല്‍ സംഭവിക്കുന്നത് വലിയ അപകടമാകും. അല്പംപോലും ക്ഷമയില്ലാതെയുള്ള ഈ ബൈക്കുയാത്ര അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ട്രെയിനുകള്‍ക്കുപോകാന്‍ റെയില്‍വേ ഗേറ്റ് അടച്ചാല്‍ ഭാരതപുഴയിലേക്കുള്ള ഈ നടപാതവഴി ഇരുചക്രവാഹനങ്ങളുടെ സമാന്തരയാത്ര ആരംംഭിക്കും. ഭാഗ്യംകൊണ്ടുമാത്രമാണ് ഇതുവരെ വന്‍അപകടങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇതിനകം നിരവധി ബൈക്ക് യാത്രികര്‍ മറിഞ്ഞുവീഴുകയും കാല്‍, കൈകള്‍ എന്നിവ ഒടിയുകയും ചെയ്തിട്ടുണ്ട്.

തീവണ്ടി കടന്നുപോകുന്നതുവരെ ക്ഷമിച്ചിരിക്കാന്‍ കഴിയാത്തവരാണ് ഈ പാത ഉപയോഗിക്കുന്നത്.
റെയില്‍വേ മേല്പാലം കഴിഞ്ഞുള്ള കരിങ്കല്‍ പരന്ന് ഉയര്‍ന്നുനില്ക്കുന്ന കയറ്റം കൊടും അപകടഭീഷണി ഉയര്‍ത്തുന്നതാണ്. ഇവിടെയും ബൈക്ക് യാത്രികര്‍ മറിഞ്ഞുവീണ് അപകടം സംഭവിക്കുന്നത് പതിവാണ്. റെയില്‍വേ കുറ്റിനാട്ടി ഈ പാത വഴിയുള്ള സഞ്ചാരം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് വ്യാപക ആവശ്യം ഉയരുന്നത്.

Related posts