മാവേലിക്കര: അവയവ ദാനത്തിലൂടെ ലോക മാതൃകയായ ലേഖ എം.നമ്പൂതിരി പണം വാങ്ങാതെയാണ് വൃക്കദാനം ചെയ്തതെന്ന് പറയുമ്പോള്‍ എതിര് വാദവുമായി എത്തിയിരിക്കയാണ് വൃക്ക ദാനമായി ലഭിച്ച യുവാവ്. ലേഖയ്ക്ക് താന്‍ ചികിത്സാസഹായമായും വീടുവെക്കാനും എട്ടു ലക്ഷത്തോളം രൂപയാണ് കൊടുത്തിട്ടുള്ളതെന്നാണ് ഷാഫി രാഷ്ട്രദീപികയോട് പറഞ്ഞത്. എന്നാല്‍ 2009ന് ശേഷമാണ് ഷാഫിയെ പരിചയപ്പെടുന്നതെന്നും ഷാഫിയില്‍ നിന്ന് ഒരു രൂപപോലും വാങ്ങിയില്ലായെന്നും തന്റെ വൃക്ക കൊടുത്തശേഷം അയാളില്‍ നിന്ന് താന്‍ അസഭ്യം കേള്‍ക്കേണ്ടി വന്നുവെന്നും ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങളുമായി എത്തിയതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ലേഖ ആരോപിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാഫിക്ക് പറ്റുമെങ്കില്‍ തെളിയിക്കണമെന്നും ഇതിനെതിരെ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും ലേഖ പറയുന്നു.
ഷാഫി പറയുന്നതിങ്ങനെ: 2008 കാലത്താണ് ആദ്യമായി പത്ര പരസ്യം കൊടുക്കുന്നതെന്നും ആ സമയം മുതല്‍ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നയാളാണ് ലേഖ. തുടര്‍ന്ന് മംഗലാപുരം കോയമ്പത്തൂര്‍, ബാംഗ്ലൂള്‍ എന്നിവിടങ്ങളില്‍ വൃക്ക മാറ്റിവെക്കാനായി തങ്ങളിരുവരും പോയിട്ടുണ്ടെന്നും എന്നാല്‍ അതിനു സാധിക്കാതെ വന്നതോടെയാണ് 2012ല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.
ഈ സമയങ്ങളിലൊക്കെ ചികിത്സാ സഹായമെന്ന നിലയില്‍ 20000 രൂപവീതമായും മറ്റും നാലുലക്ഷം രൂപ ലേഖയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ശസ്ത്രക്രിയക്ക് ശേഷം നാലുലക്ഷം രൂപ വീടുവെക്കുവാനും നല്‍കിയിട്ടുണ്ടെന്നും ഇതിനു വേണ്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഷാഫി പറഞ്ഞു. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നുള്ളത് വ്യാജവാര്‍ത്തയാണെന്നും അസുഖത്തെ തുടര്‍ന്ന് സഹായ വാഗ്ദാനവുമായി ലേഖയെ വിളിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു
എന്നാല്‍ താന്‍ ഒരിക്കലും ഷാഫിയുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ലേഖ പറയുന്നത്. അന്ന് താന്‍ നാലുലക്ഷം രൂപ വാങ്ങിയിരുന്നെങ്കില്‍ ഈ ശസ്ത്രക്രിയ ഇത്രയും നീളുമായിരുന്നില്ല. ഇതിനായി ആരുടേയും സഹായം തേടേണ്ടിയും വരില്ലായിരുന്നു. ഷാഫിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് വേദനിപ്പിക്കത്തക്ക വിധത്തിലുള്ള അനുഭവങ്ങളായിരുന്നു. എന്നാല്‍ സമൂഹം ഇപ്പോള്‍ ഷാഫിയെ മാറ്റി നിര്‍ത്തുമോ എന്ന പേടികാരണമാണ് ആരോപണവുമായി ഇയാള്‍ രംഗത്ത് വന്നത്.
പണം തന്നതിന് തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ. ആരും ലക്ഷങ്ങള്‍ ആര്‍ക്കും വെറുതെ കൊടുക്കില്ലല്ലോ. താന്‍ ഷാഫിയുമൊത്ത് കോയമ്പത്തൂരില്‍ പോയിട്ടില്ലെന്നും 2009ന് ശേഷം മാത്രമാണ് ഷാഫിയുമായി ബന്ധപ്പെട്ടതെന്നും ലേഖ പറയുന്നു. തനിക്കെതിരെ വന്ന ഈ ആരോപണങ്ങള്‍ക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും തെളിവുകളുമായി വരേണ്ടവര്‍ അവിടെ എത്തട്ടെയെന്നും ലേഖ കൂട്ടിചേര്‍ത്തു.
ആശുപത്രിയിലെ ചികിത്സകള്‍ക്കു ശേഷം ഇന്ന് മാവേലിക്കരയില്‍ തിരികെയെത്തുമെന്നും ലേഖ എം.നമ്പൂതിരി പറഞ്ഞു. അസുഖമായി ഇരുന്നിട്ട് 8-ാം തിയതി ഷാഫി വിളിച്ചിരുന്നു. എന്നാല്‍ തിരിച്ച് ഒന്നും സംസാരിക്കാന്‍ പറ്റാത്ത അസ്വസ്ഥയിലായിരുന്നു താനെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ മാത്രമാണ് വാര്‍ത്തയെച്ചൊല്ലി തന്നെ അസഭ്യം പറഞ്ഞതിനുശേഷം ഷാഫി വിളിക്കുന്നതെന്നും ലേഖ കൂട്ടിചേര്‍ത്തു.