വടക്കഞ്ചേരിയില്‍ മിനിയേച്ചര്‍ കാര്‍ഷിക സര്‍വകലാശാല ഒരുങ്ങുന്നു

pkd-vadakkancheryവടക്കഞ്ചേരി: വ്യത്യസ്തകളുടെ മികവുകളില്‍ സംസ്ഥാനത്തില്‍ ഏറെ ശ്രദ്ധേയമായ വടക്കഞ്ചേരി കൃഷിഭവന് മറ്റൊരു പൊന്‍തൂ വലായി ടൗണില്‍ മിനിയേച്ചര്‍ കാര്‍ഷിക സര്‍വകലാശാല ഒരുങ്ങുന്നു. മന്ദംകവലയിലുള്ള ഇക്കോ ഷോപ്പ് പുനര്‍നിര്‍മാണം നടത്തിയാണ് ഇവിടെ കര്‍ഷകര്‍ക്കാവശ്യായ വിത്തും തൈകളും ഉള്‍പ്പെടെ കീടനിവാരണ സംവിധാനങ്ങളും ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഗാനിക് ഫാമിംഗ് പദ്ധതിയില്‍നിന്നും ഇതിനായി അഞ്ചുലക്ഷം രൂപ ലഭ്യമായിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ എം.വി.രശ്മി പറഞ്ഞു. മിനിയേച്ചര്‍ യൂണിവേഴ്‌സിറ്റി ഒരുക്കുന്നതിനുള്ള ഷെഡിന്റെ പണികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്.

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പണികള്‍ പൂര്‍ത്തീകരിച്ച് ജൈവകൃഷിയുടെ അംബാസഡറും നടനുമായ ശ്രീനിവാസനെകൊണ്ട് പുതിയ സംരംഭം ഉദ്ഘാടനം ചെയ്യിക്കാനാണ് ആലോചന.നേരത്തെയും ശ്രീനിവാസന്‍ ഇവിടത്തെ ഇക്കോ ഷോപ്പ് സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കര്‍ഷകരുടെ ജൈവ പച്ചക്കറികളെല്ലാം വില്പന നടത്തുന്നതിനുള്ള സൗകര്യവും വിപുലപ്പെടുത്തും. ബയോ ഫാര്‍മസി കൂടി ഇവിടെ ആരംഭിക്കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടാഴ്ചമുമ്പ് വടക്കഞ്ചേരിക്ക് ലഭിച്ചിരുന്നു. കൃഷിഭവനു കീഴില്‍ ശത്രുകീടങ്ങളെ ഇല്ലാതാക്കുന്ന കുറവായ് പാടശേഖരസമിതിയുടെ ട്രൈക്കോ കാര്‍ഡ് നിര്‍മാണം ഏറെ അഭിനന്ദനങ്ങള്‍ക്ക് കാരണമായ കാല്‍വയ്പായിരുന്നു.സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഒരു പാടശേഖരസമിതി ഇത്തരം കാര്‍ഡ് നിര്‍മാണവുമായി രംഗത്തുവരുന്നത്.പച്ചക്കറികളിലും മാവുകളിലും ആക്രമണം നടത്തുന്ന ഈച്ചകളെ തുരത്താന്‍ ഫിറമോണ്‍ കെണി നിര്‍മാണ യൂണിറ്റും ഒരാഴ്ചമുമ്പ് പല്ലാ റോഡ് ഞാറ്റുവേല കര്‍ഷകസംഘം ആരംഭിച്ചിട്ടുണ്ട്.

ഈ യൂണിറ്റും സ്ംസ്ഥാനത്തെ തന്നെ ആദ്യത്തേതാണ്. യുവകര്‍ഷകരുടെ നേതൃത്വത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. കൃഷിഭവനു കീഴില്‍ വള്ളിയോടുള്ള ട്രൈക്കോ ഡര്‍മ യൂണിറ്റ് മറ്റൊരു മാതൃകാ സംരംഭമാണ്.ഈ വര്‍ഷത്തെ സംസ്ഥാന ജൈവ നെല്‍ക്കതിര്‍ അവാര്‍ഡിനു കൃഷിഭവനിലെ കുറുവായ് പാടശേഖരത്തെയും പരിഗണിക്കുന്നുണ്ട്. യുഎന്‍ഇപിയുടെ കൃഷി പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുള്ള പാടശേഖരമാണ് കുറുവായ് പാടശേഖരം. സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡും കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കൃഷി ഓഫീസര്‍ എം.വി.രശ്മിക്ക് ലഭിച്ചിരുന്നു.

Related posts