വനിതാ എസ്‌ഐ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടതായി വ്യാജ സന്ദേശം

pkd-callingതളിപ്പറമ്പ്: വനിതാ എസ്‌ഐയും പോലീസുകാരും സഞ്ചരിച്ച പോലീസ് ജീപ്പ് അപകടത്തില്‍പെട്ടതായുള്ള വ്യാജ സന്ദേശം മാധ്യമപ്രവര്‍ത്തകരേയും പോലീസിനേയും വലച്ചു.    ഇന്നലെ രാത്രി 10.30 ഓടെയാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ വനിത എസ്‌ഐ മല്ലികയും ഒരു എഎസ്‌ഐയും ഡ്രൈവറും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച ജീപ്പ് സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞതായി തളിപ്പറമ്പിലെ മാധ്യമ പ്രവര്‍ത്തകക്ക് സന്ദേശം ലഭിച്ചത്.  എസ്‌ഐ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അപകടവാസ്ഥയിലാണെന്നുമായിരുന്നു സന്ദേശം.

മാധ്യമ പ്രവര്‍ത്തകര്‍ ഉടന്‍ പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടുവെങ്കിലും സ്റ്റേഷനില്‍ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളില്‍ അപകടം നടന്നുവെന്ന് വിവരം കിട്ടിയ സ്ഥലത്ത് എത്തിയെങ്കിലും ഒന്നും കാണാനായില്ല. സ്റ്റേഷനില്‍ നിന്നും എസ്‌ഐയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ എടുക്കാതെ വന്നതോടെ സംശയം ബലപ്പെട്ടു.

ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. ഇവര്‍ മന്നയിലെത്തിയപ്പോഴാണ് വനിതാ എസ്‌ഐ സഞ്ചരിച്ച ജീപ്പ് വരുന്നത് കണ്ടത്. നിര്‍ത്തി കാര്യം അന്വേഷിച്ചപ്പോഴാണ് അപകടവിവരം ഏതോ കുബുദ്ധി കെട്ടിച്ചമച്ചയാണെന്ന് വ്യക്തമായത്. മുക്കാല്‍ മണിക്കൂര്‍ നേരം പോലീസുകാരും മാധ്യമപ്രവര്‍ത്തകരും വട്ടംകറങ്ങുകയും ചെയ്തു.

Related posts