തിരുവനന്തപുരം: കേരളത്തിന്റെ പുരോഗമനപരമായ വളര്‍ച്ചയ്ക്കും ഉത്പതിഷ്ണുതയ്ക്കും കാരണമായി മാറിയ കലാകാരന്മാരില് ശ്രദ്ധേയമായ സ്ഥാനം വയലാര്‍ രാമവര്മയ്ക്കുണെ്ടന്ന് ദേവസ്വം -വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്.വയലാര്‍ രാമവര്‍മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ട വയലാര്‍ രാമവര്‍മ സാംസ്കാരിക ഉത്സവം 2016ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുത്തരിക്കണ്ടം മൈതാനിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ചലച്ചിത്രഗാന രംഗത്തേക്ക് വയലാര്‍ രാമവര്‍മ എത്തിയിരുന്നില്ലെങ്കില്‍ മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയായി വയലാര്‍ മാറിയേനെ എന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വയലാര്‍ എന്ന കവിക്കുണ്ടായ നഷ്ടം വയലാര്‍ എന്ന ഗാനരചയിതാവിന്റെ നേട്ടമായി മാറി എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ഗാനങ്ങളെ മനോഹര കാവ്യങ്ങളാക്കി വയലാര്‍ മാറ്റുകയായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആത്മീയത നിറഞ്ഞുനില്ക്കുന്ന ഗാനങ്ങള്‍ക്കൊപ്പം വിപ്ലവാഗ്നി ചിതറുന്ന ഗാനങ്ങളും വയലാര്‍ രാമവര്‍മ രചിച്ചുവെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് പറഞ്ഞു. ചടങ്ങില്‍ വയലാര്‍ സ്മരണിക മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാര്‍ എംഎല്‍എ സ്മരണിക ഏറ്റുവാങ്ങി. പെരുന്താന്നി ബാലചന്ദ്രന് രചിച്ച വയലാര്‍ അനുസ്മരണ പുസ്കത്തിന്റെ പ്രകാശനവും നടന്നു.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. വി.എസ്. ശിവകുമാര്‍ പ്രഫ. ഒ.എന്‍.വി. കുറുപ്പ് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാധ്യമ പ്രവര്ത്തകന് ജി. ശേഖരന് നായര്‍, ബാലു കിരിയത്ത്, സബീര്‍ തിരുമല, പി. രാമചന്ദ്രന് നായര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
മുന്‍ മേയറും സാംസ്കാരിക വേദി പ്രസിഡന്റുമായ അഡ്വ. കെ. ചന്ദ്രിക സ്വാഗതവും സെക്രട്ടറി മണക്കാട് രാമചന്ദ്രന് നന്ദിയും പറഞ്ഞു. തുടര്‍ന്നു ഒ.എന്‍.വിയുടെയും കെ. രാഘവന്റെയും ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന് മധു ബാലകൃഷ്ണന് നയിച്ച ഗാനമേളയായ സ്മൃതി സന്ധ്യ നടന്നു.