ഏതൊരു ദുരന്തത്തിനും അവസാന ഇരകളായി മാറുന്നവര്‍, സ്ത്രീകളും കുട്ടികളുമാണ്. ഉടഞ്ഞ വളപ്പൊട്ടുകളായി അവരുടെ ജീവിതങ്ങള്‍ മാറുന്നു. മലയാളത്തില്‍ ആരും അവതരിപ്പിക്കാത്ത കഥാമുഹൂര്‍ത്തങ്ങളുമായി ‘വളപ്പൊട്ടുകള്‍’ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ‘ലൂമിയര്‍ ബ്രദേഴ്‌സ്, കിഡ്‌നി ബിരിയാണി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, മധു തത്തംപള്ളി സംവിധാനം ചെയ്യുന്ന ‘വളപ്പൊട്ടുകള്‍’ പുനലൂരില്‍ ചിത്രീകരണം പൂര്‍ത്തിയായി.
സുധീര്‍ കരമന, മധു, ബോബന്‍ അലുമ്മൂടന്‍, രാജേഷ് രാജന്‍ എന്നിവരോടൊപ്പം, ബാലതാരങ്ങളായ അനുശ്രീ, ആരാധ്യന്‍ അനീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഖബറിന് കുഴികുത്തുന്നവനാണ് ജബ്ബാര്‍ (സുധീര്‍ കരമന). പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഷബ്‌നം എന്നൊരു പെണ്‍കുട്ടി ഇയാള്‍ക്കുണ്ട്. സമ്പന്നകുടുംബത്തില്‍ നിന്നൊരു ആലോചന വന്നപ്പോള്‍ പ്രായം നോക്കാതെ മകളെ, ജബ്ബാര്‍ വിവാഹം കഴിപ്പിച്ചു വിട്ടു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഷബ്‌നം. അതുകൊണ്ട് തന്നെ സ്കൂളിലെ സജീവന്‍ മാഷ് (ബോബന്‍ ആലുമ്മൂടന്‍) ഷബ്‌നത്തിന്റെ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പണോം, പണ്ടോം ചോദിക്കാതെ നല്ല കുടുംബത്തീന്ന് ആലോചന വന്നാ അത് നടത്തുന്നതാ ബുദ്ധി’, അന്ന് സജീവന്‍ മാഷിന് ജബ്ബാര്‍ മറുപടി കൊടുത്തത് ഇങ്ങനെ യായിരുന്നു.
എന്തായാലും ഷബ്‌നത്തിന്റെ വിവാഹം നടന്നു. അധികം നാള്‍ ജബ്ബാറിന് സന്തോഷിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച തികയും മുമ്പ് മരുമകന്‍ ഗള്‍ഫില്‍ നടന്ന അപകടത്തില്‍പെട്ട് മരിച്ചു. ബാല്യത്തില്‍ നിന്നു വൈധവ്യത്തിന്റെ ലോകത്തേക്ക്, ഇദ്ദയെന്ന ഏകാന്തതയിലേക്ക് ഷബ്‌നം കടന്നുവന്നപ്പോള്‍, ജബ്ബാര്‍ തകര്‍ന്നു പോയി. ഇസ എന്ന (അനുശ്രീ) മുസ്‌ലീം പെണ്‍കുട്ടിക്കും, അശ്വതി എന്ന ഹിന്ദു പെണ്‍കുട്ടിക്കും ഇടയില്‍ പങ്കുവച്ച ഭംഗിയുള്ള വളയുടെ ലോകം തുറക്കപ്പെടുന്നു. ജാതി, മത, വര്‍ഗീയ ചിന്തകള്‍ക്കെതിരേ നല്ലൊരു സന്ദേശമായി അത് മാറുന്നു. വര്‍ത്തമാനകാല കേരളത്തിന്റെ പരിഛേദമാണ് സുധീര്‍ കരമന അവതരി പ്പിക്കുന്ന ജബ്ബാര്‍ എന്ന കഥാപാത്രം. സുധീര്‍ കരമനയൂടെ വ്യത്യസ്ത മുഖമാണീ കഥാപാത്രം.
ബോബന്‍ ആലുമ്മൂടന്‍ സജീവന്‍ മാഷ് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലൊരു തിരിച്ചുവരവ് നടത്തുകയാണ്. ‘മധു തത്തംപള്ളിയുടെ പുതിയ ചിത്രമായ വളപ്പൊട്ടുകളും നല്ലൊരു സന്ദേശ ചിത്രമാണ്. സമസ്യ സിനി ആര്‍ട്‌സിനുവേണ്ടി പ്രകാശ് സമസ്യ, ആര്‍.സി. ഡോണ്‍, അപ്പു അലിമുക്ക്, യശോധരന്‍ ജലന്തര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ‘വളപ്പൊട്ടുകള്‍’ മധു തത്തംപള്ളി സംവിധാനം ചെയ്യുന്നു. രചന – മഹിന്‍കര്‍ കേച്ചേരി, കാമറ – അരുണ്‍ കൃഷ്ണ റ്റി.വി., എഡിറ്റിംഗ് – അഭിലാഷ് വിശ്വനാഥ്, ഗാന രചന – എം.എം.സജീന്ദ്രന്‍, സംഗീതം – ശ്രിമംഗലം ശ്രീകുമാര്‍, കല – ലാലു, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍ – സണ്ണി നിലമ്പൂര്‍, മേക്കപ്പ് – ഷനീജ് പാനൂര്‍, കോസ്റ്റ്യൂമര്‍ – സന്തോഷ് പാഴൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ – ബൈജു എസ്. പൂവാര്‍, സ്റ്റില്‍സ് – അജീഷ് ആവണി, പിആര്‍ഒ- അയ്മനംസാജന്‍. സുധീര്‍ കരമന, മധു, ബോബന്‍ ആലുമ്മൂടന്‍, രാജേഷ് രാജന്‍, ബഹ്മന്‍ ഹരിപ്പാട്, നിന്‍സി, കുളപ്പുള്ളി ലീല, പ്രിയ രാജീവ്, സിജി പ്രദീപ്, കുമാരി അനുശ്രീ, മാസ്റ്റര്‍ ആരാധ്യന്‍ അനീഷ് എന്നിവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്‍