വാക്കുപാലിച്ച് മന്ത്രി ജലീല്‍ വീണ്ടും സേവാമന്ദിറിലെത്തി

KKD-JALEELമുക്കം: “”ഞാന്‍ ഇനിയും വരും, സേവാ മന്ദിറിന് നല്ല കെട്ടിടം ഉണ്ടാകും”. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടി, ഫളക്‌സ് കൊണ്ട് ചോര്‍ച്ചയടച്ച, വൈദ്യുതി വെളിച്ചമില്ലാത്ത, ശക്തമായ കാറ്റും മഴയും വന്നാല്‍് പൊളിഞ്ഞ് പാറിപ്പോകുന്ന കൂരയ്ക്കുള്ളില്‍ നിന്നിറങ്ങുമ്പോള്‍ കാഞ്ചനമാലയുടെ കൈയില്‍ കെട്ടിടനിര്‍മാണ ഫണ്ടിലേക്ക് “കൈനീട്ടം’ നല്‍കി ഒരു വര്‍ഷം മുമ്പ്  എംഎല്‍എയായിരിക്കേ കെ.ടി.ജലീല്‍ പറഞ്ഞ വാക്കുകള്‍ കാഞ്ചനമാല പോലും കാര്യമായി എടുത്തു കാണില്ല. പക്ഷേ, തിരക്കൊഴിയാത്ത മന്ത്രിപദത്തിലേക്ക് ഉയര്‍ന്നിട്ടും പറഞ്ഞവാക്ക് അന്വര്‍ഥമാക്കി  കെ.ടി.ജലീല്‍ ഇന്നലെ മുക്കം ബി.പി.മൊയ്തീന്‍ സേവാമന്ദിറിലെത്തി.

പണി അന്തിമഘട്ടത്തിലെത്തിയ ഒന്നാംനില കണ്ട് മന്ത്രി ജലീല്‍ സന്തോഷം പങ്കിട്ടു. മുക്കം ഗ്രാമവും ചുറ്റുവട്ടവും വിദ്യാര്‍ഥി ജീവിതത്തില്‍തന്നെ സുപരിചിതമാണെങ്കിലും “”എന്ന് നിന്റെ മൊയ്തീന്‍”  സിനിമയിലൂടെയാണ് കാഞ്ചനമാലയുമായും സേവാമന്ദിറുമായും ഇദ്ദേഹം അടുത്തിടപഴകുന്നത്. ആ ബന്ധത്തിന് ഔദ്യോഗിക പദവികള്‍ തടസമായില്ല. ഇടയ്ക്കിടെ വിവരങ്ങര്‍ അന്വേഷിക്കുകയും ചെയ്തു.ഔപചാരികതയൊന്നും കൂടാതെയുള്ള ഇന്നലത്തെ സന്ദര്‍ശനം കൂടുതല്‍ സന്തോഷവും സംതൃപ്തിയും പകര്‍ന്നു.

നിരാലംബരുടെ അത്താണിയായ സേവാമന്ദിറിന് വ്യക്തിപരമായും സര്‍ക്കാറില്‍ നിന്നും സഹായവും പിന്തുണയും മന്ത്രി ജലീല്‍ ഉറപ്പുനല്‍കി. ജോര്‍ജ് എം. തോമസ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍  കുഞ്ഞന്‍ മാസ്റ്റര്‍. പ്രജിത പ്രദീപ്, കാഞ്ചനമാല, സേവാമന്ദിര്‍ നിര്‍മാണ സമിതി കണ്‍വീനര്‍ നിസാര്‍ ബാബു, നാസര്‍ കൊളായി, മറ്റു സേവാമന്ദിര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിച്ചു.

Related posts