വാടാനപ്പള്ളിയില്‍ വീണ്ടും മോഷണം

TCR-MOSHANAMവാടാനപ്പള്ളി: വാടാനപ്പള്ളിയില്‍ വീണ്ടും മോഷണം. ഗണേശമംഗലത്ത് രണ്ടുവീടുകളില്‍ മോഷണവും മൂന്നു വീടുകളില്‍ മോഷണശ്രമവും നടന്നു. പോത്തുണ്ടി വീട്ടില്‍ ഫാത്തിമ മുഹമ്മദിന്റെ വീട്ടില്‍നിന്നും അഞ്ചുഗ്രാം സ്വര്‍ണ കൈചെയിനും കുട്ടമുഖം വടക്ക് പണ്ടാരന്‍ സജിത്തിന്റെ വീട്ടില്‍നിന്ന് വെള്ളിപാദസരവും മോഷണംപോയി. കോമരത്ത്‌നൗഷാദ്, വടക്കന്‍ ദേവകി, കുന്നത്ത് കുഞ്ഞക്കന്‍ എന്നിവരുടെ വീടുകളില്‍ മോഷണശ്രമവും നടന്നു.

സജിത്തിന്റെ വീടിന്റെ വാതില്‍ പൊളിച്ചാണ് മകളുടെ വെള്ളിപാദസരം കവര്‍ന്നത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. നൗഷാദിന്റെ വീട്ടില്‍ വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടു.  ഫ്രിഡ്ജില്‍ വച്ചിരുന്ന ചോറ് പുറത്തുകൊണ്ടുവന്ന് മോഷ്ടാക്കള്‍ കഴിച്ചനിലയിലാണ്. അടഞ്ഞുകിടന്നിരുന്ന വടക്കന്‍ ദേവകിയുടെ വീടിന്റെ വാതിലും പൊളിച്ചിട്ടുണ്ട്.

കുഞ്ഞക്കന്റെ വീട്ടില്‍ വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നുതവണയായി മൊത്തം നാലുവീടുകളില്‍ മോഷണവും ഏഴുവീടുകളില്‍ മോഷണശ്രമവും നടന്നു. തൃത്തല്ലൂരിലാണ് കഴിഞ്ഞ ഒമ്പതിനും 18നും മോഷണം നടന്നത്.

Related posts