വിജയം ആഘോഷിക്കാന്‍ ശരത്ത് അമ്മയ്ക്കും സഹോദരിക്കും ഒപ്പമില്ല

ktm-sharathഏറ്റുമാനൂര്‍: വിജയവാര്‍ത്ത അറിയാന്‍ ശരത്ത് അമ്മയ്ക്കും സഹോദരിക്കും ഒപ്പമില്ല. പ്ലസ്ടു ഫലം അറിയുന്നതിന് ഒരുദിവസം മുന്‍പേ ജീവിതയാത്രയില്‍നിന്ന് പറന്നകന്ന മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ശരത് കെ.മനോജിന് മികച്ചവിജയം. പക്ഷേ സന്തോഷവാര്‍ത്ത ഉള്‍ക്കൊള്ളാനുള്ള അവസ്ഥയിലായിരുന്നില്ല അമ്മ ഉഷയും സഹോദരി ഗോപികയും.കട്ടച്ചിറയില്‍ കഴിഞ്ഞ മൂന്നിനുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാനം മുകളേപ്പറമ്പില്‍ ശരത് കെ.മനോജ് തിങ്കളാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. പ്ലസ്ടു ഫലം പ്രഖ്യാപിക്കുമ്പോഴേക്കും ശരത്തിന്റെ സംസ്കാരം കഴിഞ്ഞിരുന്നു.

അമ്മയും ശരത്തും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ശരത്. തങ്ങളെ പോറ്റിവളര്‍ത്താന്‍ കഷ്ടപ്പെടുന്ന അമ്മയ്ക്ക് എത്രയും വേഗം ആശ്വാസം പകരുക എന്ന ലക്ഷ്യം മാത്രമായിരുന്നു ശരത്തിനു മുന്നില്‍. അതുകൊണ്ടാണ് പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസംതന്നെ പെയിന്റിംഗ് ജോലിക്കു പോയിത്തുടങ്ങിയത്.

മാന്നാനത്തെ ചെണ്ടമേളസംഘത്തിനൊപ്പമുണ്ടായിരുന്ന ശരത് സുഹൃത്തുക്കളെ സംഘടിപ്പിച്ച് 17 അംഗ നാസിക് ഡോള്‍ ചെണ്ടസംഘം രൂപീകരിച്ചിരുന്നു. പെയിന്റിംഗ് ജോലിക്കു പോയി ലഭിച്ച തുകകൊണ്ട് സ്വന്തമായി ചെണ്ട വാങ്ങി. സാധാരണനിരക്കിന്റെ പകുതി പ്രതിഫലത്തില്‍ രണ്ടു പ്രോഗ്രാമുകള്‍ നടത്തി. മൂന്നാമത്തെ പരിപാടിക്കു തലേന്നാണ് അപകടം.

പഠിച്ചു മിടുക്കനാകണം, നല്ല ജോലി സമ്പാദിക്കണം, അമ്മയ്ക്ക് ആശ്രയമാകണം, സഹോദരിയെ പഠിപ്പിക്കണം… ശരത് നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ ഏറെയായിരുന്നു. പക്ഷേ വിധി അവനെ അകാലത്തില്‍ കൂട്ടിക്കൊണ്ടുപോയി.

Related posts