കോഴിക്കോട്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരിവില്പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എക്സൈസ്. സ്കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും മദ്യവും മറ്റു ലഹരിവസ്തുക്കളുമെത്തിക്കുന്നവരെ പിടികൂടാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്കി. സ്കൂളുകളില്‍ നിലവിലുള്ള പരാതിപ്പെട്ടി സംവിധാനം കാര്യക്ഷമമാക്കും. കൂടുതല്‍ സ്കൂളുകളില്‍ പെട്ടികള്‍ സ്ഥാപിക്കും. ഇവയില്‍ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എഴുതിയിടാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് സൂചിപ്പിക്കണമെന്നില്ല.
കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥരെത്തി പെട്ടിയിലെ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടിയെടുക്കും. സ്കൂള്‍ പരിസരത്തെ കടകളില്‍ പുകയില ഉത്പന്നങ്ങളോ ലഹരിവസ്തുക്കളോ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും. മുന്‍കാല കേസുകളിലെ പ്രതികളെ നിരീക്ഷണ വിധേയമാക്കും. സ്കൂള്‍ പരിസരങ്ങളിലും മറ്റും ഇവരുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കും. സ്കൂള്‍വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.
ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും വില്പന തടയുന്നതിനു പദ്ധതികളാവിഷ്കരിക്കാന്‍ ചേര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.