വെള്ളറട: കേരളം ഞെട്ടിച്ച വെള്ളറട വില്ലേജ് ഓഫീസ് തീവച്ച സാംകുട്ടി 18 സെന്റ് വസ്തുവിന്റെ ഉടമയായി. റീ സര്‍വെ 62/17ല്‍ 18 സെന്റിനു പോക്കുവരവ് ചെയ്തു തണ്ടപ്പേരും കരവും തീര്‍ത്തു. 188 രൂപ കരമടച്ചപ്പോള്‍ സാംകുട്ടിയുടെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഇന്നലെ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ലോറന്‍സ് പോക്കുവരവ് ചെയ്ത് വെള്ളറട വില്ലേജോഫീസര്‍ എം. തങ്കരാജിന് താലൂക്ക് ഓഫീസില്‍ വിളിച്ചുവരുത്തി കരം തീര്‍ത്ത രസീതും പോക്കുവരവിന്റെ രേഖകളും നല്‍കുകയായിരുന്നു. രേഖ കൈമാറ്റം കാണാന്‍ വലിയ ജനാവലി തന്നെയുണ്ടായി.
മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാംകുട്ടിയുടെ ദുരിതത്തില്‍ അനുതപിക്കുന്നവരും താലൂക്ക് ഓഫീസില്‍ തടിച്ചുകൂടി. ഭാര്യ പുഷ്പമ്മ സാമും മകന്‍ സജീവുകുട്ടിയും ചേര്‍ന്നാണ് രേഖകള്‍ ഏറ്റു വാങ്ങിയത്. ഈ സമയം സാംകുട്ടി സ്വന്തം ബൈക്ക് വിട്ടു കിട്ടാന്‍ വേണ്ടി കോടതിയിലായിരുന്നു.റബര്‍ സ്ലോട്ടെറെടുത്ത് സ്വന്തമായി ടാപ്പിംഗ് നടത്തുകയായിരുന്ന സാംകുട്ടി. റബറിന്റെ വിലയിടിവിനെത്തുടര്‍ന്ന് ഭാരിച്ച കടക്കെണിയില്‍പ്പെട്ടു. വസ്തുവിറ്റ് കടം തീര്‍ക്കുന്നതിനു പോക്കുവരവ് ലഭിക്കണം. അതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതില്‍ നിരാശനായ സാംകുട്ടി വെള്ളറട വില്ലേജ് ഓഫീസ് തീ വയ്ക്കുകയായിരുന്നു.
വെള്ളറട പഞ്ചായത്തില്‍ മീതി വാര്‍ഡില്‍ ഇനിയും 150-ല്‍ പരം പേര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ പോക്കുവരവ് ചെയ്തുകിട്ടാനുണ്ടെന്ന് സാംകുട്ടി മാധ്യമങ്ങളെ അറിയിച്ചു. കരം തീര്‍ത്ത രസീതും തണ്ടപ്പേരും ലഭിച്ചവരാണിവര്‍. അവസരോചിതമായി ഇടപെട്ട റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംകുട്ടിയും കുടുംബവും വിങ്ങുന്ന മനസോടെ നന്ദി പറഞ്ഞു. പോക്കുവരവു രേഖകളുമായി ഇവര്‍ വെള്ളറട വില്ലേജാഫീസ് അധികൃതരെ കണ്ട് നന്ദി പറഞ്ഞ് മടങ്ങി.