നേമം : പ്ലാസ്റ്ററിട്ട കാലുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി വോട്ടര്‍മാരെ കാണാന്‍ വീല്‍ചെയറിലെത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ നേമം മേഖലയിലെ വെള്ളായണി ജംഗ്ഷനില്‍ നിന്നും തുടങ്ങിയ ശിവന്‍കുട്ടിയുടെ യാത്ര പ്ലാങ്കാലമുക്ക് പൂഴിക്കുന്ന് , എസ്റ്റേറ്റ്, സത്യന്‍നഗര്‍, പാപ്പനംകോട്, നീറമണ്‍കര കരുമം എന്നീ സ്ഥലങ്ങളിലാണ് വീല്‍ചെയറില്‍ ശിവന്‍കുട്ടി എത്തിയത്. പ്രധാന ജംഗ്ഷനുകളിലും റോഡരികിലും നിന്ന വോട്ടര്‍മാരെ കണ്ട് വീല്‍ ചെയറിലിരുന്നുകൊണ്ട് തന്നെ വോട്ട് തേടി. കഴിഞ്ഞ മാസം 26 നാണ് വീട്ടിലെ കുളിമുറിയില്‍ വീണ് കാലിന്റെ ലിഗ്‌മെന്റിന് പരിക്കേറ്റത്. ഓരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
സ്കാനിംഗില്‍ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് കാലില്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളില്‍ കാറിലെത്തിയ ശേഷം ഓരോ ജംഗ്ഷനിലുമിറങ്ങി വീല്‍ചെയറിലിരുന്നാണ് വോട്ടര്‍മാരുടെ അടുത്തേയ്ക്ക് പോകുന്നത്. സത്യന്‍നഗര്‍ പള്ളിത്തറയില്‍ ചെണ്ടമേളത്തിന്റേയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടുകൂടിയാണ് സ്ത്രീകളും തൊഴിലാളികളുമടക്കം നിരവധിപേര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. നേമം ഏരിയാ കമ്മിറ്റിയംഗം ആര്‍.പ്രദീപ്കുമാര്‍, സിപിഐ ജില്ലാ കൗണ്‍സിലംഗം എസ്.അജയകുമാര്‍,നേമം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. കമാല്‍, കെ.പ്രസാദ്, കൗണ്‍സിലര്‍ എ.വിജയന്‍ തുടങ്ങിയവര്‍ ശിവന്‍കുട്ടിയോടൊപ്പമുണ്ടായിരുന്നു.