പൂച്ചാക്കല്‍: വീടുകള്‍ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനു ഗൃഹോപകരണങ്ങളുമായി തട്ടിപ്പുസംഘം. വ്യാജ ഐഎസ്ഐ മുദ്രപതിപ്പിച്ച ഗ്യാസ് അടുപ്പ്, മിക്സി, ഇലക്ട്രിക് കുക്കര്‍ തുടങ്ങിയ വീട്ടുപകരങ്ങളാണ് ഇവര്‍ വില്പന നടത്തുന്നത്. തുണിയില്‍ പൊതിഞ്ഞ് ഇരുചക്രവാഹനത്തിലാണ് ഓരോ സാധനങ്ങളും ഇവര്‍ കൊണ്ടുവരുന്നത്. മാര്‍ക്കറ്റുവില പ്രിന്റു ചെയ്ത വിവിധ കമ്പനി പേരുകളുള്ള കവറുകളിലാണ് ഗൃഹോപകരണങ്ങള്‍ പായ്ക്ക് ചെയ്തിരിക്കുന്നത്.
പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ വില ആവശ്യപ്പെടുമെങ്കിലും എടുക്കുമെന്ന് ഉറപ്പായാല്‍ പകുതിയോളം വില കുറച്ചും സാധനങ്ങള്‍ നല്‍കാറുണ്ട്. വില്‍പ്പന നടത്തുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ വീട്ടുകാരെ പ്രവര്‍ത്തിപ്പിച്ച് കാണിച്ചതിനുശേഷമാണ് പണം വാങ്ങി തട്ടിപ്പ് സംഘം സ്ഥലം വിടുന്നത്. ഇവര്‍ പോയതിനുശേഷം വാങ്ങിയ സാധനം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ഗ്യാരണ്ടി പേപ്പറില്‍ കൊടുത്തിട്ടുള്ള ഫോണ്‍നമ്പരും വ്യാജമായിരുന്നു. ഇവരുടെ വലയില്‍ കുടുങ്ങുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലായാണ് സംഘം താവളമടിച്ചിരിക്കുന്നത്. പെട്ടിവണ്ടികളിലെത്തിക്കുന്ന സാധനങ്ങള്‍ ഓരോ പ്രദേശത്തേക്കും കൊണ്ടുപോകുന്നത് ഇരുചക്രവാഹനത്തിലാണ്.