ഗുരുവായൂര്‍: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 11 പവന് കവര്‍ന്നു. താമരയൂര്‍ ഹരിദാസ് നഗറില്‍ വിദേശത്തു ജോലിയുള്ള കൂളിയാട്ട് പുരുഷോത്തമന്റെ വീട്ടിലാണ് മോഷണം നടന്നത്. പുരുഷോത്തമന്റെ ഭാര്യ നിഷയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഏഴോടെ മക്കളിലൊരാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. തിരക്കിട്ടു പോയപ്പോള്‍ വാതില്‍ പൂട്ടിയിരുന്നില്ല.
രാത്രി പത്തോടെ ഇവര്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നിഷയുടെ എട്ടുപവന്‍ മാലയും, മൂന്നുപവനോളം തൂക്കം വരുന്ന മൂന്ന് വളകളുമാണ് കവര്‍ന്നത്. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഏതാനും ദിവസം മുമ്പ് ഇവരുടെ വീട്ടിലെ വളര്‍ത്തുനായ ഡോബര്മാനും മോഷണം പോയിരുന്നു.
ഗുരുവായൂര്‍ പോലീസെത്തി അന്വേഷണം തുടങ്ങി.