വീട്ടമ്മയെ പീഡിപ്പിച്ചതിനും ലക്ഷങ്ങൾ തട്ടിയതിനും കേസെടുത്തു; ബാങ്കിലെ പണമിടപാടിൽ തുടങ്ങിയ ബന്ധമാണ് കേസിൽ എത്തിച്ചത്; പ്രതിയെ പാർട്ടി സ്ഥാനത്തുനിന്നും നിക്കി

കുണ്ടറ: വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചതിനും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതിനും കുണ്ടറ കാഞ്ഞിരകോട് സ്വദേശിനി കുണ്ടറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പേരയം സ്വദേശി പി.രമേശനെതിരെ പോലിസ് കേസെടുത്തു.

2017 ഓഗസ്റ്റ് 13നാണ് കേസിന്നാസ്പദമായ സംഭവം നടന്നതെന്ന് കുണ്ടറ പോലീസ് പറഞ്ഞു. കാഞ്ഞിരകോട് സ്വദേശിനിയും രണ്ടു മക്കളുടെ മാതാവുമായ വീട്ടമ്മ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്ന നിലയിൽ മൂന്ന് വർഷമായി രമേശനുമായി ബന്ധമുണ്ടത്രെ.

ബാങ്കിലെ പണമിടപാടിൽ തുടങ്ങിയ ബന്ധമാണ് കേസിൽ കൊണ്ടെത്തിച്ചതെന്ന് പറയപ്പെടുന്നു. സിപിഎം കുണ്ടറ ഏരിയാ കമ്മിറ്റിയംഗമായ ഇദ്ദേഹത്തെ സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഏരിയാ കമ്മിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

ജില്ലാ സെക്രട്ടറി സുദേവന്‍റെ അദ്യക്ഷതയിൽ കുണ്ടറ ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് നടപടി. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.ഗോപിനാഥൻപിള്ള, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ബാബു എന്നിവരുൾപ്പെട്ട രണ്ടംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി.

Related posts