ടി.ജി.ബൈജുനാഥ്
വിജയമധുരവും നഷ്ടനൊമ്പരവും പകര്‍ന്ന് “വേട്ട’. ശ്യാമിലി നായികയായ “വള്ളീം തെറ്റി പുള്ളീം തെറ്റി’. ചിത്രീകരണം പൂര്‍ത്തിയായ റോഷന്‍ ആന്‍ഡ്രൂസ്, സഞ്ജയ്- ബോബി ടീമിന്റെ “സ്കൂള്‍ബസ്’. ചിത്രീകരണം തുടരുന്ന ബോബന്‍സാമുവല്‍ചിത്രം “ഷാജഹാനും പരീക്കുട്ടിയും’, ഉദയാ പിക്‌ചേഴ്‌സിന്റെ റീലോഞ്ചിംഗ് ചിത്രം “കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’. ജൂണില്‍ ചിത്രീകരണം തുടങ്ങുന്ന രാജേഷ്പിള്ള ഫിലീംസിന്റെ കന്നിചിത്രം… വര്‍ണാഭമായ ചലച്ചിത്ര വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍.
കൊച്ചൗവ്വയും അയ്യപ്പദാസും
“”പ്രോഡ്യൂസറാവുകയാണ്, ആദ്യമായി. വര്‍ഷങ്ങളായുള്ള മോഹം സഫലമാകുന്നതിന്റെ ആദ്യപടിയിലാണ്. സിദ്ധാര്‍ഥശിവ സംവിധാനം ചെയ്യുന്ന “കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യുടെ രണ്ടാം ഷെഡ്യൂള്‍ അടിമാലിയില്‍ പൂര്‍ത്തിയായി. കഥയില്‍ മഴയുടെ പശ്ചാത്തലമുള്ളതിനാല്‍ ജൂണ്‍-ജൂലൈയിലാണ് മെയിന്‍ ഷെഡ്യൂള്‍. സെപ്റ്റംബറില്‍ ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
“ഉദയ’യുടെ ബാനറില്‍ ഒരു സിനിമ എന്നു കുറേ നാളായി ഞാന്‍ പറയുന്നുണ്ടായിരുന്നു. ആ സിനിമ നല്ലതാവണമെന്ന നിര്‍ബന്ധവുമുണ്ട്. വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനാകാത്തതിന്റെ, അല്ലെങ്കില്‍ സമയമെടുക്കുന്നതിന്റെ ടെന്‍ഷന്‍; ഒപ്പം നല്ല കഥ കിട്ടാത്തതിന്റെയും…വാസ്തവത്തില്‍ അതൊക്കെയാരുന്നു പ്രൊഡ്യൂസറാകുന്നതിനു മുമ്പുണ്ടായിരുന്ന ടെന്‍ഷന്‍. ഇപ്പോള്‍ ടെന്‍ഷന്‍ കുറവാണ്. സിനിമയുടെ പ്രോസസിംഗ് ഞാന്‍ എന്‍ജോയ് ചെയ്യുന്നു. അതിന്റെ പ്രധാന കാരണം നല്ലൊരു കഥകിട്ടി എന്നതുതന്നെ.
ചെറിയ ഒരു പടം എന്ന രീതിയിലാണു കഥ പറയാന്‍ സിദ്ധാര്‍ഥ് വന്നത്. രസമുള്ള കഥയെന്നു തോന്നി. ഫുള്‍ സ്ക്രിപ്റ്റ് കണ്ടപ്പോഴാണു ശരിക്കും ഞെട്ടിയത്. സിദ്ധാര്‍ഥിന്റെ കഥപറച്ചില്‍ രീതിയില്‍ നിന്നു പ്രതീക്ഷിക്കാത്ത സംഭവം. മാറ്റര്‍ സീരിയസാണെങ്കിലും അതു പറയുന്നതു രസകരമായാണ്. ചിരിക്കാനും ചിന്തിക്കാനും ആസ്വദിക്കാനുമുള്ള വക അതിലുണ്ട്.
നമ്മുടെ നാട്ടിന്‍പുറത്ത് നാം കണ്ടിട്ടും കാണാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങളുണ്ട്. ഒരുപാടു തമാശകളും നന്മകളും ഇമോഷന്‍സും എല്ലാം അതില്‍ ഒളിഞ്ഞുകിടപ്പുണ്ടാവും. നമ്മുടെ ഫാസ്റ്റ്‌ലൈഫില്‍ പലപ്പോഴും നഷ്ടമാകുന്ന ചില നല്ല മുഹൂര്‍ത്തങ്ങളുണ്ടാവും. അവയെ വളരെ വിശദമായി നിരീക്ഷിച്ച് ഏറെ രസകരമായാണു സിദ്ധാര്‍ഥ് കഥപറയുന്നത്.
സാധാരണ പ്രേക്ഷകന്റെ മനസോടെ കഥ കേട്ട് ഉള്ളതു വെട്ടിത്തുറന്നുപറയുന്ന രീതിയാണ് എന്റെ ഭാര്യ പ്രിയയ്ക്ക്. സിദ്ധാര്‍ഥിന്റെ കഥ പ്രിയയ്ക്കും ഇഷ്ടമായതോടെ “ഉദയ’യുടെ റീ ലോഞ്ചിംഗ് ചിത്രമായി പ്രൊഡ്യൂസ് ചെയ്യാമെന്നു തീരുമാനിച്ചു; പ്രമേയത്തിനു ലോകത്തെവിടെയും പ്രസക്തിയുള്ളതിനാല്‍ ടെക്‌നിക്കല്‍ സൈഡില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യാമെന്നും.
കൊച്ചൗവ്വയും അയ്യപ്പദാസുമാണ് മുഖ്യ കഥാപാത്രങ്ങള്‍. കൊച്ചൗവ്വയെ ഞാനാണു ചെയ്യുന്നത്. അയ്യപ്പദാസിനെ അവതരിപ്പിക്കുന്നതു നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷ്. രാജേഷ് പിള്ള ഉള്‍പ്പെടെ ഏറെപ്പേരുടെ ജീവിതം മാറ്റിമറിച്ച “ആല്‍കെമിസ്റ്റ്’ എന്ന പുസ്തകമെഴുതിയ ചിന്തകനാണു പൗലോ കൊയ്‌ലോ. പൗലോ കൊയ്‌ലോയുടെ സാന്നിധ്യം ഈ സിനിമയില്‍ ഉടനീളമുണ്ട്. ആ മൂന്നുപേരുകളില്‍ നിന്നാണ് സിദ്ധാര്‍ഥ് സിനിമയുടെ പേരുപറഞ്ഞത്. അതിനു ഞാന്‍ കെപിഎസി എന്ന ചുരുക്കപ്പേരു നല്കി. മലയാളത്തിലെ ആദ്യകാല നാടകസമിതികളിലൊന്നാണു കെപിഎസി. ഏറ്റവും പഴയ സിനിമാ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് “ഉദയ’. രണ്ടു കാര്യങ്ങള്‍ ഒരുമിച്ചു വന്നു. ഒരു നൊസ്റ്റാള്‍ജിക് ഫീലുമുണ്ട്.
നായികയുടെ കാരക്ടര്‍ കുറച്ചു ട്രിക്കിയാണ്. സ്ഥിരം ഇമേജുകളിലുള്ളവര്‍ക്കു പെട്ടെന്നു ചെയ്യാനാകാത്ത കഥാപാത്രം. അതിനാല്‍ പറ്റിയ ആളെ തേടുന്നു. ചിലപ്പോള്‍ പുതുമുഖമാവാം. നെടുമുടി വേണുച്ചേട്ടന്‍, ലളിതച്ചേച്ചി, സുരാജ്, മുകേഷേട്ടന്‍, അജു വര്‍ഗീസ്, മുത്തുമണി, ഇര്‍ഷാദ്, മിഥുന്‍
രമേശ് തുടങ്ങിയവരാണ് ഒപ്പം അഭിനയിക്കുന്നത്. അഞ്ചു പാട്ടുകളുണ്ട്. “വള്ളീം തെറ്റി പുള്ളീം തെറ്റി’യില്‍ പാട്ടുകള്‍ ചെയ്ത സൂരജ് എസ്. കുറുപ്പാണ് സംഗീതസംവിധാനം. കാമറ നീല്‍ ഡി. കുഞ്ഞ. കോസ്റ്റിയൂംസ് സമീറ, ആര്‍ട്ട് ജ്യോതിഷ്.
മലയാളസിനിമയ്ക്കു വാണിജ്യവിജയങ്ങളുടെ അടിത്തറ നല്കിയിരുന്ന ബാനറായിരുന്നു പണ്ട് “ഉദയ’; പ്രത്യേകിച്ചും വടക്കന്‍പാട്ടു സിനിമകളിലൂടെ. വാണിജ്യസാധ്യതകളുള്ള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഇതും.
“വള്ളീം തെറ്റി പുള്ളീം തെറ്റി’ 28 ന്
90 കളുടെ തുടക്കം മുതല്‍ 90 കളുടെ അവസാനംവരെ നടക്കുന്ന കഥയാണ് ഋഷി ശിവകുമാര്‍ സംവിധാനം ചെയ്ത “വള്ളീം തെറ്റി പുള്ളീം തെറ്റി’. സംവിധായകന്‍, സംഗീതസംവിധായകന്‍, തിരക്കഥാകൃത്ത്.. എല്ലാവരും പുതുമുഖങ്ങള്‍. കഥപറയാന്‍ വന്നതു സംവിധായകനും സംഗീതസംവിധായകനും. സംവിധായകന്‍ സ്ക്രിപ്റ്റ് തുറന്നുവച്ചു, സംഗീത സംവിധായകന്‍ ലാപ്്‌ടോപ്പും. സംവിധായകന്‍ സീനുകള്‍ ഷോട്ടുകള്‍ സഹിതം വിസ്തരിച്ചു കഥ പറയാന്‍ തുടങ്ങി. സംഗീതസംവിധായകന്‍ അതിന്റെ റീ റിക്കോര്‍ഡിംഗും പാട്ടുകള്‍ വരുമ്പോള്‍ അതും കേള്‍പ്പിച്ചു. പ്രൊഡ്യൂസര്‍ ഫൈസല്‍ ലത്തീഫിനും ഈ സബ്ജക്ടില്‍ നല്ല വിശ്വാസമായിരുന്നു.
റൊമാന്‍സും ആക്്ഷനും സെന്റിമെന്റ്‌സും ഇമോഷന്‍സും ഹ്യൂമറും ഉള്ള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍. ഇതില്‍ സിനിമാ തിയറ്ററും ഒരു കഥാപാത്രമാകുന്നു. നായികയായി ശ്യാമിലിയെ പരിഗണിച്ചു. ശ്യാമിലിയുടെ അച്ഛന്‍ ബാബുവിനും കഥ ഇഷ്ടമായി. മകള്‍ക്കു നായികയായി റീ ലോഞ്ചിംഗിന് ഇണങ്ങിയ പടമായി അവരും കണ്ടു. രഞ്ജിപണിക്കര്‍ ചേട്ടന്‍, മനോജ് കെ.ജയന്‍, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, സുധീര്‍ കരമന, മുത്തുമണി… തുടങ്ങിയവരാണ് കൂടെ അഭിനയിക്കുന്നത്. കലാസംവിധാനം ജ്യോതിഷ്. സംഗീതം സൂരജ് എസ.് കുറുപ്പ്. ചിത്രം 28നു തിയറ്ററുകളിലെത്തും.
പോലീസ് വേഷത്തില്‍ ആദ്യമായി
ഞാനാദ്യമായി പോലീസ് വേഷത്തിലെത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ “സ്കൂള്‍ ബസി’ല്‍. കഥാപാത്രം സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ഗോപകുമാര്‍. സഞ്ജയ്-ബോബിയുടെ സ്ക്രിപ്റ്റില്‍ ഇതു മൂന്നാമത്തെ സിനിമ; “ട്രാഫിക്കി’നും “ഹൗ ഓള്‍ഡ് ആര്‍ യു’വിനും ശേഷം. “ഹൗ ഓള്‍ഡ് ആര്‍ യു’വിനുശേഷം റോഷനും സഞ്ജയ് – ബോബിയും ഞാനും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയും. ഒരു സ്കൂളും അവിടത്തെ രണ്ടു കുട്ടികളെയും ചുറ്റിപ്പറ്റിയാണു കഥ. അവരുടെ ജീവിതത്തിലേക്ക് ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഞാന്‍ വരുന്നു. അതിന്റെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ പാര്‍ട്ടും ആ ലൈഫിന്റെ വേറിട്ട കാഴ്ചകളും ഇതിലുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ എന്നാല്‍ സീരിയസ് സംഭവം എന്ന മട്ടിലല്ല, റിയലിസ്റ്റാക്കാണ്. ഒരു മെസേജും ചിത്രം പങ്കുവയ്ക്കുന്നു. പ്രഫഷണല്‍ ലൈഫിന്റെയും പേഴ്‌സണല്‍ ലൈഫിന്റെയും രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ഫാമിലി ഓറിയന്റഡ് ഫിലിമാണ്. ജയസൂര്യയും അപര്‍ണ ഗോപിനാഥും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ എനിക്കു നായികയില്ല. മേയ് അവസാനം “സ്കൂള്‍ബസ്’ തിയറ്ററുകളിലെത്തും. “ത്രീ ഇഡിയറ്റ്‌സ’ും “പികെ’യുമൊക്കെ ചിത്രീകരിച്ച സി.കെ.മുരളീധരനാണു കാമറ. ചിത്രത്തിലെ രണ്ടു കുട്ടികളില്‍ ആണ്‍കുട്ടി അദ്ദേഹത്തിന്റെ മകനും പെണ്‍കുട്ടി റോഷന്‍ ആന്‍ഡ്രൂസിന്റെ മകളുമാണ്.
“ഷാജഹാനും പരീക്കുട്ടിയും’
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന “ഷാജഹാനും പരീക്കുട്ടി’യുമാണു പുതിയ ചിത്രം. ഈ മാസം നാലിനു പൂജ കഴിഞ്ഞു ഷൂട്ടിംഗ് തുടങ്ങി. അമലാപോള്‍, ജയസൂര്യ, അജു വര്‍ഗീസ്, സൗബിന്‍ തുടങ്ങിയവര്‍ക്കൊപ്പം. സ്ക്രിപ്റ്റ് വൈ.വി.രാജേഷ്. കാമറ അനീഷ്‌ലാല്‍. റംസാന്‍ റിലീസ് ഫണ്‍ എന്റര്‍ടെയ്‌നര്‍.
സഹോദരനെപ്പോലെ രാജേഷ്പിള്ള
“ഹൃദയത്തില്‍ സൂക്ഷിക്കാന്‍” എന്ന ആദ്യസിനിമയുടെ പരാജയത്തില്‍ നിന്നു പറന്നുയര്‍ന്നു “ട്രാഫിക്കി’ലൂടെ വിജയക്കൊടി പാറിച്ച പോരാളിയാണു രാജേഷ്പിള്ള. ആരോഗ്യം പോലും അവഗണിച്ചു സിനിമയോടു കാണിച്ച പാഷന്‍; “ട്രാഫിക്ക്’ ഹിന്ദിയില്‍ ചെയ്യുമ്പോള്‍ അവിടേയ്ക്കുള്ള യാത്രകളും അവിടത്തെ ജീവിതവും ഒക്കെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കിയത്. മടങ്ങിയെത്തി “മിലി’ എന്ന ചെറിയ നല്ല സിനിമ ചെയ്‌തെങ്കിലും മനസുനിറയെ “മോട്ടോര്‍ സൈക്കിള്‍ ഡയറീസാ’യിരുന്നു. ആരോഗ്യപരമായും മാനസികമായും സാമ്പത്തികമായും ഏറെ തയാറെടുപ്പുകള്‍ ആവശ്യമുള്ള സിനിമയായിരുന്നു അത്. അതിലേക്കു കടക്കാന്‍ ആരോഗ്യം ഒരുതരത്തിലും തുണയ്ക്കാത്ത അവസ്ഥയിലായിരുന്നു. പക്ഷേ, സിനിമ വിട്ട് ഒരു ജീവിതം രാജേഷിനു ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണു “വേട്ട’യിലേക്കു വരുന്നത്. മലയാളത്തിലെ ആദ്യത്തെ മൈന്‍ഡ് ഗെയിം ത്രില്ലറാണ് “വേട്ട’. കുറച്ച് ആളുകള്‍ക്കിടയില്‍ നടക്കുന്ന മെന്റല്‍ ഗെയിം. അതിലേക്കു പ്രേക്ഷകരെയും ഉള്‍പ്പെടുത്തി അവരെയും ആ ഗെയിമിന്റെ ഭാഗമാക്കി രസിപ്പിച്ചു എന്നതാണ് സംവിധായകന്‍ എന്ന നിലയില്‍ രാജേഷിന്റെയും സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയില്‍ അരുണ്‍ലാലിന്റെയും വിജയം.
മെല്‍വിന്റെ ആദ്യാവസാനമുള്ള ആ ചിരി വല്ലാത്ത ഹോണ്ടിംഗ് ആണെന്നു പലരും പറയുന്നു. “വേട്ട’യില്‍ ചാക്കോച്ചനെയല്ല മെല്‍വിനെയാണു കണ്ടതെന്ന് എന്നെ അടുത്തറിയാവുന്നവര്‍ പറയുമ്പോള്‍ സന്തോഷം തോന്നുന്നു; പക്ഷേ, തിയറ്ററിലുയരുന്ന കൈയടികള്‍ അത് അര്‍ഹിക്കുന്ന ആള്‍ക്കു കാണാനോ കേള്‍ക്കാനോ കഴിഞ്ഞില്ല എന്ന സങ്കടം ഒപ്പമുണ്ട്. “വേട്ട’യ്ക്കു കിട്ടുന്ന നല്ല അഭിപ്രായവും കൈയടിയും ഡയറക്ടര്‍ എന്ന നിലയില്‍ രാജേഷിന്റെ വിജയമാണ്. ഞാന്‍ എന്നെ മനസിലാക്കിയതിലുമധികം ഒരു ടെക്‌നീഷന്‍ എന്ന രീതിയില്‍ രാജേഷ് എന്നെ മനസിലാക്കി, എന്നെ ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചു.
മഹേഷും പാര്‍വതിയും ഞാനും
രാജേഷ്പിള്ളയുടെ ഭാര്യ മേഘയുടെ ആഗ്രഹപ്രകാരമാണു രാജേഷ്പിള്ള ഫിലിംസ് രൂപംകൊള്ളുന്നത്. ആദ്യ ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റര്‍ മഹേഷ് നാരായണന്‍. മഹേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. സ്ക്രിപ്റ്റിംഗില്‍ സഞ്ജയ്- ബോബി മേല്‍നോട്ടവും സഹായവും നിര്‍വഹിക്കുന്നു. ഞാനും പാര്‍വതിയുമാണു
മുഖ്യവേഷങ്ങളില്‍. കാമറ അനീഷ്‌ലാല്‍. ഷൂട്ടിംഗ് ജൂണില്‍ തുടങ്ങും. ലൈറ്റര്‍ ഹ്യൂമര്‍ ടച്ചുള്ള ഫാമിലി സിനിമ.
“മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ന്റെ കഥ രാജേഷ് പലരുമായും ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ എഗ്‌സൈറ്റഡ് ആയ,
ഏതെങ്കിലും രീതിയില്‍ അതുമായി ചേരണമെന്ന് ആഗ്രഹിക്കുന്നവരില്‍ ഞാനുണ്ട്, നിവിനുണ്ട്, ഷാനുണ്ട്, അനീഷ്‌ലാലുണ്ട്… അങ്ങനെ പലരും. ഒന്നുരണ്ടു സിനിമകള്‍ക്കുശേഷം അടുത്ത വര്‍ഷത്തോടെ രാജേഷ്പിള്ള ഫിലിംസ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് തുടങ്ങും.
ഗ്ലാമര്‍ രഹസ്യം
ദൈവം തന്ന അനുഗ്രഹങ്ങളും ജീവിതവും ഏറെ പോസിറ്റീവായി കാണുന്നു, ആസ്വദിക്കുന്നു. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമല്ലെങ്കില്‍ അത് അതേപോലെ ചെയ്ത് എന്‍ജോയ് ചെയ്യുന്നു. മനസും ആരോഗ്യവും ഒരുപോലെ ഭംഗിയായി കൊണ്ടുപോകുന്നു.”