വേങ്ങച്ചുവട്ടില്‍ തടി കയറ്റാനെത്തിയ തൊഴിലാളികളെ തടഞ്ഞു

ekm-thadiവാഴക്കുളം:ടിംബര്‍തൊഴിലാളി സമരം നടന്നുവരുന്ന മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ തടികയറ്റാനെത്തിയ  തൊഴിലാളികളെയും വാഹനവും  സമരക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ വേങ്ങച്ചുവട്ടിലായിരുന്നു  സംഭവം. കച്ചവം ഉറപ്പിച്ചിരുന്ന പ്ലാവ്, ആഞ്ഞിലി, മാവ് തടികള്‍ മുറിച്ചുനീക്കം ചെയ്യുന്നതിന് മിനിലോറിയും  തൊഴിലാളികളുമായി  വ്യാപാരികള്‍ എത്തിയപ്പോഴാണ് സംഭവം.ഐഎന്‍ടിയുസി യൂണിയന്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.

നോട്ടീസ് നല്‍കിയുള്ള  സമരം  ഒത്തുതീര്‍പ്പാക്കാതെ  ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സാധ്യമല്ലെന്ന തീരുമാനത്തില്‍ ഐഎന്‍ടിയുസി  യൂണിയന്‍ ഉറച്ചുനിന്നതോടെ തൊഴിലാളികളെ പറഞ്ഞയയ്ക്കുകയായിരുന്നു. തൊഴിലാളികളുടെ എണ്ണം കണക്കാക്കി  ടേണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന  ആവശ്യവുമായി  ഐഎന്‍ടിയുസി  യൂണിയന്‍ നടത്തുന്ന സമരം  ഒരാഴ്ച പിന്നിട്ടു. വ്യാപാരികള്‍ക്കും തോട്ടമുടമകള്‍ക്കുമുണ്ടാകുന്ന  ബുദ്ധിമുട്ട് പരിഹരിക്കാന്‍  അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts