മണ്ണാര്‍ക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കിണര്‍ റിംഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. മണ്ണാര്‍ക്കാട്, ചങ്ങലീരി, തെങ്കര, പള്ളിക്കുറുപ്പ്, കാരാകുറിശി, അലനല്ലൂര്‍ എന്നിവിടങ്ങളിലാണ് കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ ആഴംകുട്ടുന്നതിനു റിംഗുകള്‍ വാങ്ങിക്കുന്നത്. നിലവിലുള്ള കിണറുകള്‍ക്ക് ആഴം കൂട്ടിയാണ് റിംഗുകള്‍ സ്ഥാപിക്കുന്നത്. മുക്കണ്ണം, പള്ളിക്കുറുപ്പ്, കുമരംപുത്തൂര്‍, കല്യാണക്കാപ്പ് എന്നിവിടങ്ങളില്‍ റിംഗുനിര്‍മാണവുമായി നിരവധിപേരാണ് പ്രവര്‍ത്തിക്കുന്നത്.
കിണര്‍ ആഴംകൂട്ടി റിംഗ് സ്ഥാപിക്കാന്‍ ആയിരം രൂപ മുതല്‍ രണ്ടായിരം രൂപവരെയാണ് ഇവര്‍ വാങ്ങിക്കുന്നത്. മണ്ണിന്റെ ഘടനയും താഴ്ചയും അനുസരിച്ച് തുകയില്‍ വ്യത്യാസമുണ്ടാകും. കിണര്‍ പരിസരത്തെത്തി റിംഗുകള്‍ നിര്‍മിച്ചും നല്കും. സാധാരണകാലത്ത് 600 രൂപ മുതല്‍ എഴുന്നൂറുരൂപവരെയേ റിംഗ് സ്ഥാപിക്കാന്‍ ഈടാക്കാറുള്ളൂ. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ നിരക്കിലും വര്‍ധനയുണ്ട്.കഴിഞ്ഞദിവസങ്ങളില്‍ മണ്ണാര്‍ക്കാട് ചെറിയ വേനല്‍മഴ ലഭിച്ചിരുന്നു. വേനല്‍ ഇനിയും കനത്താല്‍ കിണര്‍ റിംഗുകള്‍ക്ക് ഇനിയും ഡിമാന്‍റ് കൂടും.