വൈദ്യുതി പോസ്റ്റ് വീണിട്ടു രണ്ടാഴ്ച; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതി

EKM-POSTവൈപ്പിന്‍: നായരമ്പലം വെളിയത്ത് പറമ്പ് കിഴക്ക് അമ്മങ്ങാട്ട് തറ കോളനി  റോഡില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് രണ്ടാഴ്ച കഴിഞ്ഞിട്ടും കെ എസ് ഇ ബി അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. മഴയിലും കാറ്റിലും വീണ വൈദ്യുതി പോസ്റ്റ് ഇപ്പോഴും വഴിമുടക്കിയായി റോഡില്‍ കിടക്കുകയാണ്. തെരുവിളക്കുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലൈനായതിനാല്‍ ഈ ഭാഗത്ത് വീടുകളില്‍ വൈദ്യുതിത തടസം ഇല്ല.

പരിസരവാസികള്‍ വാര്‍ഡ് മെംമ്പറോടു നേരിട്ടും, കെഎസ് ഇബി ഞാറക്കല്‍ സെക്ഷന്‍ അധികൃതരോട് ഫോണിലും പരാതി പറഞ്ഞിട്ടും ഇതുവരെ ആരുമെത്തിയില്ലെന്ന് സ്ഥലാവാസികള്‍ പറയുന്നത്. ഇതു മൂലം റോഡിന്റെ സംരക്ഷണഭിത്തി കെട്ടലും മുടങ്ങിയിരിക്കുകയാണ്.  മാത്രമല്ല ഈ ഭാഗത്ത്  തെരുവു വിളക്കുകളും കത്തുന്നില്ല.

Related posts