വൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസില്‍ സംഘര്‍ഷവും കല്ലേറും

KTM-KSEBഎരുമേലി: വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് രാത്രിയില്‍ കെഎസ്ഇബി ഓഫീസിലെത്തിയവര്‍ ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും കല്ലെറിഞ്ഞ് ഓഫീസിന്റെ ജനാലചില്ല് തകര്‍ത്തെന്നും പരാതി. ഇന്നലെ രാത്രി പത്തരയോടെ എരുമേലി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലാണ് സംഭവം.    ഇന്നലെ വൈകീട്ട് ശക്തമായ വേനല്‍മഴയും ഇടിമിന്നലും മൂലം പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. തുമരംപാറയില്‍ രണ്ടു വീടുകളില്‍ ഇടിമിന്നലേറ്റ് ഇലക്ട്രിക് വയറിംഗുകള്‍ തകര്‍ന്നു. വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയും ചെയ്തു.

ആറു ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ജീവനക്കാരെത്തിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ ഓഫീസില്‍ എത്തിയ ഒരു സംഘമാളുകള്‍ അസഭ്യം പറയുകയും ജീവനക്കാരനെ കയ്യേറ്റം ചെയ്‌തെന്നും കല്ലെറിഞ്ഞെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു. തൊട്ടടുത്ത് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും പോലീസെത്തിയില്ലെന്ന് പറയുന്നു.തുടര്‍ന്ന് ഇന്നുരാവിലെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts