വോട്ടര്‍ ബോധവത്ക്കരണവുമായി വോട്ടുവണ്ടി ഇന്ന് ഓടിത്തുടങ്ങും

tcr-electionകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വോട്ടുവണ്ടി ഇന്നു മുതല്‍ ഓടിത്തുടങ്ങും. രാവിലെ 10ന് എറണാകുളം പെന്റാ മേനകയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വോട്ടുവണ്ടി ഫഌഗ് ഓഫ് ചെയ്യും. എറണാകുളം നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ എ.പി. റീത്ത പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും. 99 കാരിയായ റീത്ത ഇപ്പോള്‍ കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസിയാണ്. ഇവര്‍ക്കൊപ്പം 94കാരിയായ പ്രസ്തീന ഓച്ച, ഫഌവറി റോക്കി തുടങ്ങിയവരും പങ്കെടുക്കും. ഇന്നലെ വൈകുന്നേരമാണ് വോട്ടുവണ്ടി പ്രയാണം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് വന്നതിനെത്തുടര്‍ന്നാണ് ഇന്നത്തേക്കു മാറ്റിയത്.

ഉദ്ഘാടനത്തിനുശേഷം എറണാകുളം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തും. 11ന് ഹൈക്കോടതി ജംഗ്ഷന്‍, 12ന് പച്ചാളം ജംഗ്ഷന്‍, ഒന്നിന് വടുതല ജംഗ്ഷന്‍, രണ്ടിന് ചേരാനെല്ലൂര്‍ ജംഗ്ഷന്‍, മൂന്നിന് എളമക്കര, നാലിന് പാലാരിവട്ടം, അഞ്ചിന് കലൂര്‍, ആറിന് ഡിഎച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വോട്ടുവണ്ടിയെത്തും. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തും. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ ബോധവത്ക്കണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി പര്യടനം നടത്തുന്നത്. ജില്ലയില്‍ വണ്ടിയോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരുവുനാടകവും അവതരിപ്പിക്കും. ജില്ലയിലെ പോളിംഗ് 80 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

നിയമസഭ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പരിചയപ്പെടാന്‍ വോട്ടര്‍മാര്‍ക്ക് അവസരമൊരുക്കുകയാണ് വോട്ടുവണ്ടിയുടെ മറ്റൊരു ലക്ഷ്യം. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് വോട്ട് ചെയ്യാന്‍ പരിശീലനവും നല്‍കും. എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനോടൊപ്പം പുതുതായി ഉപയോഗിക്കുന്ന വിവിപിഎടി യന്ത്രങ്ങളിലും പരിശീലനം നല്‍കും. ഇതോടൊപ്പം വ്യാപകമായ രീതിയില്‍ പോസ്റ്റര്‍, സ്റ്റിക്കര്‍ പ്രചാരണത്തിനും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ലക്ഷ്യമിടുന്നുണ്ട്. അവ അണിയറയില്‍ തയാറായി വരികയാണ്.

ഇതിനുപുറമെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകളില്‍ പ്രത്യേക പ്രചാരണവും ജില്ലാ കളക്ടറുടെ സംവാദവും സംഘടിപ്പിക്കും. ഐടി പാര്‍ക്കുകള്‍, കോളജ് കാംപസുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പങ്കെടുക്കും.

Related posts