കണ്ണൂര്‍: വാട്‌സ് ആപ്പിലൂടെ തന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം.വി. ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സമകാലിക വിഷയങ്ങളില്‍ കുറിപ്പ് തയാറാക്കി മൊബൈലില്‍നിന്ന് വാട്‌സ് ആപ് വഴി പ്രചരിപ്പിക്കാറുണ്ട്. ഇത്തരം പ്രതികരണം തന്റെ ഫേസ്ബുക്ക് പേജായ ചുറ്റുവട്ടത്തിലും പോസ്റ്റ് ചെയ്യാറുണ്ട്.
എം.വി. ജയരാജന്‍ എന്ന് താഴെ പേരുചേര്‍ത്താണ് കുറിപ്പ് തയാറാക്കുക. ഇതേരീതിയില്‍ കഴിഞ്ഞദിവസം വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി നല്‍കിയതെന്ന് എം.വി. ജയരാജന്‍ പറഞ്ഞു.മുഖ്യമന്ത്രി പോലീസിനെതിരേ എന്തോ പറഞ്ഞെന്നും അതുസംബന്ധിച്ച് ചില പോലീസ് സുഹൃത്തുക്കള്‍ തന്നോട് പരാതി പറഞ്ഞപ്പോള്‍, മുഖ്യമന്ത്രിയുമായി താന്‍ നേരിട്ട് സംസാരിച്ചതനുസരിച്ച് മനസിലാക്കാന്‍ കഴിഞ്ഞതെന്നും പറഞ്ഞാണ് സന്ദേശം തുടരുന്നത്.
കുറിപ്പിന്റെ അവസാനം എം.വി. ജയരാജന്‍ എന്ന് പേര് വച്ചിട്ടുണ്ട്. ചുറ്റുവട്ടത്തില്‍ ചേര്‍ക്കാത്തതും താന്‍ പ്രചരിപ്പിക്കാന്‍ സാധ്യതയില്ലാത്തതുമായ ഉള്ളടക്കമായതിനാലാണ് സുഹൃത്തുക്കള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ സന്ദേശം വ്യാജമാണെന്ന് വ്യക്തമായി. ഉടന്‍ വാട്‌സ് ആപ്പ് വഴി എസ്പിക്ക് പരാതി നല്‍കി. കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ വ്യക്തമാക്കി.