മൂവാറ്റുപുഴ: ശമ്പളം അനുവദിക്കാതിനെ തുടര്‍ന്നു മാറാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ജോലി അവസാനിപ്പിക്കുന്നു. ശമ്പള കുടിശികയും ഉത്സവബത്തയും നല്‍കാത്തതിനാല്‍ ഓണാവധിക്കുശേഷം തങ്ങള്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന തീരുമാനത്തിലാണു സ്കൂളിലെ 13 താത്കാലിക അധ്യാപകര്‍. സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളിലായി 150 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണിത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവിലാണ് എച്ച്എസ്എസ് വിഭാഗം ആരംഭിച്ചത്.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്കൂള്‍ കെട്ടിടം പൂര്‍ത്തിയായി വരുന്നത്. കഴിഞ്ഞ പത്തുദിവസമായി എംഎല്‍എ തലത്തിലും രാഷ്ട്രീയതലത്തിലും നടത്തിയ എല്ലാ ശ്രമവും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും ആര്‍ഡിഡിയും തള്ളുകയായിരുന്നു. ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ശമ്പളം അനുവദിക്കാന്‍ വിസമ്മതിക്കുന്നത്.
50ല്‍ താഴെ കുട്ടികളുള്ള നിരവധി സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് രണ്ടുബാച്ചിലായി നൂറ്റമ്പതോളം കുട്ടികള്‍ പഠിക്കുന്ന മാറാടി ഹയര്‍സെക്കന്‍ഡറി സ്കൂളിനോട് അധികൃതരുടെ നിഷേധാത്മക സമീപനമെന്നും അധ്യാപകര്‍ പറയുന്നു. ഏകജാലക സംവിധാനത്തിലുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരിജ്ഞാന കുറവാണ് ഇവിടെ വിദ്യാര്‍ഥികള്‍ കുറയാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു. പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ ദൂരെസ്ഥലങ്ങളിലുള്ള പലരും പഠനം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്കു പോയതും കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതിന് കാരണമായതായും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.