നാദാപുരം: വെള്ളൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് ചടയന്‍ കണ്ടി ഷിബിന്‍ കേസിലെ നാലാം സാക്ഷിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ സ്വദേശി കരിയിലാട്ട് രഗില്‍(21) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് രഗിലിനെ വീട്ട് പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളൂര്‍ റോഡിലുണ്ടായിരുന്ന കണ്ട്രോള് റൂം പോലീസും നാട്ടുകാരും മറ്റും ചേര്‍ന്ന് ഇയാളെ നാദാപുരം ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഡിവൈഎഫ്ഐ വെള്ളൂര്‍ യൂണിറ്റ് മെമ്പര്‍ കൂടിയായിരുന്നു 2015 ജനുവരി 22ന് തൂണേരി കണ്ണങ്കൈ റോഡില്‍ വച്ചാണ് ഷിബിന്‍ ഉള്‍പ്പെടെ നാലോളം പേര്‍ക്ക്് ബൈക്കുകളിലെത്തിയ അക്രമി സംഘത്തിന്റെ വെട്ടേറ്റത്. അക്രമത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രഗില്‍ ദീര്‍ഘകാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. പിന്നീട് ഈ കേസിലെ പ്രതികളെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അച്ഛന്: രാജന്. അമ്മ: ഗീത.സഹോദരി: രാഖി.