കോട്ടയം: സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങളും വാഹനങ്ങളുടെ ശവപറമ്പുകളാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് പോലീസ് സ്‌റ്റേഷന്‍ പരിസരം. ബൈക്കും കാറും ലോറിയും മാത്രമല്ല നിരവധി വിദേശ നിര്‍മിത ആഡംബരവാഹനങ്ങളും പോലീസ് സ്‌റ്റേഷന്‍ പരിസരത്തു കിടന്നു മഴയും വെയിലുമേറ്റു നശിക്കുന്നു. മോഷണം, കള്ളക്കടത്ത്, അബ്കാരി കേസുകള്‍, അപകടങ്ങള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് മിക്കവയും. മണല്‍ കടത്തിനുപയോഗിച്ച വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്.
മിക്ക സ്റ്റേഷനുകളിലും ഇത്തരം കേസുകളില്‍പ്പെട്ട നൂറുകണക്കിന് വാഹനങ്ങള്‍ കിടപ്പുണ്ട്. വാഹനങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ നശിക്കുകയാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്‌റ്റേഷനുകളിലും വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ല. സ്ഥലപരിമിധി തന്നെയാണ് പ്രധാന കാരണം. ഇതുമൂലം പ്രധാന റോഡിന്റെ ഇരുവശത്തും സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന തരത്തിലാണ് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.
യഥാസമയത്തു പിടിച്ചെടുത്ത വാഹനങ്ങളുടെ ലേല നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലേക്കു ലക്ഷങ്ങള്‍ ലഭിക്കും. അവകാശികള്‍ ഇല്ലാത്തതും കേസുകളിലുള്‍പ്പെട്ടിട്ടില്ലാത്തതുമായ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി കൈക്കൊള്ളുന്നതായി അധികൃതര്‍ അവകാശപ്പെടുന്നതല്ലാതെ യാഥാര്‍ഥ്യമാകുന്നില്ലെന്നു അവര്‍ തന്നെ വ്യക്തമാക്കുന്നു.
സ്റ്റേഷന്‍ പരിസരത്തു സൂക്ഷിച്ചിരിക്കുന്ന മിക്കവാഹനങ്ങളുടെയും ബാറ്ററി, ടയര്‍ തുടങ്ങിയ പ്രധാന സാധനങ്ങളെല്ലാം മോഷണം പോകുന്നുമുണ്ട്. കേസ് തീര്‍ന്നു വാഹനം ഉടമ തിരിച്ചെടുക്കാന്‍ എത്തുമ്പോഴാണ് വാഹനങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം മോഷണം പോയ വിവിരം അറിയുന്നത്. ഇതേക്കുറിച്ച് പോലീസിനോട് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. എല്ലുംതോലുമായ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയാലും ഉപയോഗിക്കാന്‍ കഴിയാത്തതു മൂലം ഉപേക്ഷിച്ചവരുമുണ്ട്.