കുറവിലങ്ങാട്: നാടിന്റെ പേരും പ്രശസ്തിയും വാനോളമുയര്‍ത്താന്‍ കഴിയുന്ന വിനോദവും വിജ്ഞാനവും സമ്മാനിക്കുന്ന സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ റീജിയണല്‍ സയന്‍സ് സെന്റര്‍ നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ ഇഎംഎസ് മന്ത്രിസഭയിലൂടെ കാര്‍ഷിക മേഖലയ്ക്ക് കരുത്തേകിയ കോഴായിലെ ജില്ലാകൃഷിത്തോട്ടമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സംയുക്ത സംരംഭമായ സയന്‍സ് സിറ്റിയിലൂടെ പുതിയ വികസനകുതിപ്പ് നാടിന് സമ്മാനിക്കുന്നത്.
സംസ്ഥാനസര്‍ക്കാരിന്റെ പരിശ്രമവും മന്ത്രിയായിരുന്ന കെ.എം മാണി, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരുടെ നേതൃത്വവുമാണ് നാടിന് വലിയ വികസനകുതിപ്പിന് അവസരമൊരുക്കുന്ന സയന്‍സ് സിറ്റിയുടെ ആദ്യഘട്ടം യാഥാര്‍ത്ഥ്യമാക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. അടുത്തവര്‍ഷാരംഭത്തോടെ റീജിയണല്‍ സയന്‍സ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കിയ 14.5 കോടി രൂപ വിനിയോഗിച്ചാണ് റീജിയണല്‍ സയന്‍സ് സെന്റര്‍ നിര്‍മ്മാണം.
ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വര്‍ക്ക്ഷോപ്പ്, ഓഫീസ്, പ്രദര്‍ശനഹാള്‍ എന്നിങ്ങനെയുള്ള ക്രമീകരമങ്ങളാണ് സെന്ററിലുണ്ടാകുക. 1200 ചതുരശ്രമീറ്ററിലുള്ള രണ്ട് നിലകളാണ് പ്രദര്‍ശന ഹാളിനുമാത്രമായി ഒരുക്കുന്നത്. ആകെ 45,000 ചതുരശ്രഅടി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ശാസ്ത്രോദ്യാനവും ഒരുക്കും. ഏഴ് ഏക്കറിലായാണ് സയന്‍സ് സെന്റര്‍ ഒരുങ്ങുന്നത്.
ആസം കേന്ദ്രീകരിച്ചുള്ള കരാറുകാരാണ് ദേശീയ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്റ് മ്യൂസിയത്തിന്റെ നേരിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെട്ടിട നിര്‍മാണം കഴിയുന്നതോടൊപ്പം പ്രദര്‍ശന വസ്തുക്കളും ഇവിടെ എത്തിക്കും. ആദ്യഘട്ടമായി സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനൊപ്പം സ്പെയ്സ് തിയറ്ററടക്കമുള്ള വലിയ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കാനാണ് പരിശ്രമങ്ങള്‍ നടക്കുന്നത്.