സാധ്യതപട്ടികയില്‍ ഇടംകണ്ട് സുധീറും

alp-sudheerഅടൂര്‍: ബിജെപി സ്ഥാനാര്‍ഥി അഡ്വ.പി. സുധീര്‍ അടൂര്‍ മണ്ഡലത്തില്‍ നടത്തുന്നത് ശക്തമായ പോരാട്ടം തന്നെയാണ്. എന്‍ഡിഎയുടെ സാധ്യതാപട്ടികയില്‍ ഇടംകണ്ടിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് അടൂര്‍. യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ സുധീറിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ മണ്ഡലത്തിലെ പ്രചാരണരംഗത്തും ആവേശം കൈവന്നു. വോട്ടര്‍മാരെ നേരില്‍കണ്ടുള്ള പ്രചാരണശൈലി തന്നെയാണ് സുധീറും അവലംബിച്ചത്. ബിജെപിയുടെ മണ്ഡലത്തിലെ സംഘടന സംവിധാനവും എന്‍ഡിഎയുടെ സ്വാധീനവുമെല്ലാം വോട്ടുതേടലിന് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.

ബിജെപി നേടിയിട്ടുള്ള വോട്ടുവളര്‍ച്ചയിലാണ് പ്രതീക്ഷ. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിക്ക് സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നു പ്രചാരണം മറ്റൊരു ഘട്ടത്തിലേക്കു കടക്കുമ്പോള്‍ സ്ഥാനാര്‍ഥിയും പറയുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കെ.കെ. ശശി 6210 വോട്ടു നേടിയ സ്ഥാനത്ത് ലോക്‌സഭയിലേക്കു മത്സരിച്ച എം.ടി. രമേശ് 22,796 വോട്ടു നേടി. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ 28,750 വോട്ട് ബിജെപിക്കു മണ്ഡലത്തില്‍ ലഭിച്ചിരുന്നു. മണ്ഡലത്തിലെ സ്വാധീനവും ബിഡിജെഎസ് അടക്കമുള്ളവയുടെ പിന്തുണയും ബിജെപി സ്ഥാനാര്‍ഥിക്കു ഗുണകരമാകുകയാണെന്നാണ് വിലയിരുത്തല്‍.

Related posts