അമ്പലപ്പുഴ: ഓട്ടോറിക്ഷാ ഡ്രൈവറായ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമം.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ നീർക്കുന്നം തൈപ്പറമ്പ് വീട്ടിൽ ബിനീഷാണ് ഏതാനും ദിവസം മുൻപ് മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ബിനിഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കയർ കെട്ടിയുള്ള തൂങ്ങിമരണമാണെന്നു കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ മാതാവ് എന്നിവരെ രണ്ടു തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സംഭവദിവസം രാത്രി വൈകിയാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്. പിന്നീടാണ് മരണം സംഭവിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് തൊട്ടടുത്തു താമസിക്കുന്ന സഹോദരനെ വിവരമറിയിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും വ്യക്തമായിട്ടുണ്ട്.
സമീപത്തെ സിസിടിവിയിൽ ഒരാൾ രാത്രിയിൽ പല തവണ ഇതിലേ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. ഇയാൾ ഇടപെട്ടതാണ് കേസന്വേഷണം ഇഴയാൻ കാരണമെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കഴിഞ്ഞ രാത്രിയിൽ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി കൊടുക്കുമെന്നും അറിയിച്ചു.

