സാമൂഹ്യവിരുദ്ധരുടെയും പ്രണയസല്ലാപക്കാരുടെയും വിഹാരകേന്ദ്രമായി ആലുവ ശിവരാത്രി മണപ്പുറം

ekm-aluvaആലുവ: പ്രശസ്തവും പരിപാവനവുമായ ആലുവ ശിവരാത്രി മണപ്പുറം സാമൂഹ്യവിരുദ്ധരുടെയും  പ്രണയസല്ലാപക്കാരുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മണപ്പുറത്തെ ഇവരില്‍ നിന്നും സംരക്ഷിക്കാന്‍ കൊട്ടിഘോഷിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോഴും യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ ഫയലുകളില്‍ കെട്ടഴിയാതെ കിടക്കുകയാണ്. നിര്‍മാണഘട്ടം മുതല്‍ വിവാദത്തിലായ മണപ്പുറത്തേയ്ക്കുള്ള സ്ഥിരം നടപ്പാലമാകട്ടെ കമിതാക്കളുടെ പ്രണയസല്ലാപകേന്ദ്രമായി മാറിയിരിക്കുന്നു. പരാതി പറഞ്ഞ് മടുത്ത ഭക്തജനങ്ങളും നാട്ടുകാരും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്വയം പോലീസ് ആകാനുള്ള ഒരുക്കത്തിലാണ്.

ആലുവ മണപ്പുറത്തെ ഹരിതവനവും നടപ്പാലവും ഇപ്പോള്‍ അഴിഞ്ഞാട്ടക്കാരുടെ സ്വന്തമാണ്. ശിവരാത്രി ആഘോഷവേളയില്‍ മാത്രം ഉപകാരപ്പെടുന്ന നടപ്പാലം നേരത്തെ തന്നെ വിവാദത്തിലായിരുന്നു. തൊട്ടടുത്തുള്ള കടത്തുകടവില്‍ നിന്നും ഈ പാലം നിര്‍മിച്ചിരുന്നെങ്കില്‍ അതു നാട്ടുകാര്‍ക്ക് ഏറെ ഗുണകരമാകുമായിരുന്നു. നഗരത്തിലെ അതിരൂക്ഷമായ ഗതാഗത കുരുക്കില്‍ നിന്നും ചെറിയ വാഹനങ്ങള്‍ക്ക് അതുവഴി സുഗമമായി ആലുവ പുഴയ്ക്ക് കുറുകെ കടക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മിച്ച ഈ പാലം കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്ന് മാത്രമല്ല നാട്ടുകാര്‍ക്കും വിശ്വാസികള്‍ക്കും  ഇതുതലവേദനയായിരിക്കുകയാണ്.

വിജനമായ ഈ നടപ്പാലം പകല്‍നേരങ്ങളില്‍ പ്രണയസല്ലാപക്കാരുടെ പറുദീസയാണ്. സന്ധ്യമയങ്ങിയാല്‍ മദ്യപാനികളുടെയും ലഹരി ആസ്വാദകരുടെയും കേന്ദ്രവുമായി മാറിയിരിക്കുകയാണ്. മണപ്പുറത്തെ ഹരിതവനവും പരിസരവും നേരത്തെ തന്നെ സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയിരുന്നതാണ്. ഇതിനെതിരെ പരാതിയുമായി പലവട്ടം നാട്ടുകാരും വിശ്വാസികളും അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മണപ്പുറത്ത് സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നതാണ്.

ഇതിനായി ശിവക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വേണ്ട സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി പോലീസ് എയ്ഡ് പോസ്റ്റിനുള്ള കെട്ടിടം ഒരുക്കികൊടുത്തെങ്കിലും ആഭ്യന്തരവകുപ്പില്‍ നിന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പോലീസിന്റെ ഉന്നത അധികാരികളും ജനപ്രതിനിധികളും നേരിട്ടെത്തി എയ്ഡ് പോസ്റ്റിന്റെ ആവശ്യകത സ്ഥിരീകരിക്കുകയും ചെയ്തതാണ്. പ്രഖ്യാപനങ്ങള്‍ ഇലക്ഷന്‍ ഉണ്ടായതോടെ മണപ്പുറത്തെ സാമൂഹ്യവിരുദ്ധ ശല്യം അതിരുകടക്കുകയായിരുന്നു.

മണപ്പുറത്തെ കുട്ടിവനം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം അടക്കമുള്ള ലഹരി വില്പനയാണ് തകൃതിയായി നടക്കുന്നത്. അന്തരിച്ച സിനിമാ സംവിധായകന്‍ ലോഹിതദാസിന്റെ സ്മാരകമായി നഗരസഭ നിര്‍മിച്ച സ്മൃതിമണ്ഡപം സാമൂഹ്യദ്രോഹികളുടെ സുരക്ഷിത താവളമാണ്. മാസങ്ങള്‍ക്ക് മുന്‍പ് പുതിയ നടപ്പാലത്തില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിയേയും മണപ്പുറത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന സ്ത്രീയേയും ആലുവ എസ്‌ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് മണപ്പുറത്ത് പോലീസ് നിരീക്ഷണം കര്‍ശനമാക്കിയെങ്കിലും പിന്നീട് അലംഭാവം കാണിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിനു ആവശ്യമുള്ള സമയങ്ങളില്‍ മാത്രം നടപ്പാലം തുറന്നുകൊടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Related posts