തലശേരി: സിഐടിയു കണ്ണൂര്‍ ജില്ലാസമ്മേളനം 20 മുതല്‍ 22 രെ തലശേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 20ന് വൈകുന്നേരം പാതുസമ്മേളന നഗരിയായ പുതിയ ബസ്സ്റ്റാന്‍ഡില്‍ സംഘാടകസമിതി ചെയര്‍മാന്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ പതാകയുയര്‍ത്തും. ഉച്ചകഴിഞ്ഞുരണ്ടിന് പയ്യാമ്പലം സി. കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് പതാകജാഥയും മൂന്നിന് അണ്ടലൂരിലെ വടവതി വാസു സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊടിമരജാഥയും പ്രയാണം തുടങ്ങും. പതാക സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ജാഥാലീഡര്‍ പി.വി. കൃഷ്ണനും കൊടിമരം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍ ജാഥാലീഡറും സിഐടിയു ജില്ലാ പ്രസിഡന്‍റുമായ പുഞ്ചയില്‍ നാണുവിനും കൈമാറും. പതാക ജാഥ കണ്ണൂര്‍ എടക്കാട്, ധര്‍മടം മേഖലകളിലൂടെ സഞ്ചരിച്ചും കൊടിമരജാഥ പിണറായി, കതിരൂര്‍ മേഖലകളിലൂടെ സഞ്ചരിച്ചും വൈകുന്നേരം അഞ്ചിന് തലശേരി പഴയ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചേരും. തുടര്‍ന്ന് രണ്ടു ജാഥകളും സമ്മേളന നഗരിയായ പുതിയ ബസ്സ്റ്റാന്‍ഡിലെത്തും.
പ്രതിനിധി സമ്മേളനം 21, 22 തീയതികളില്‍ തലശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് പുഞ്ചയില്‍ നാണു പതാകയുയര്‍ത്തും. 21ന് രാവിലെ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 18 ഏരിയകളില്‍ നിന്നായി 1,40,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 365 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിന് സമാപനം കുറിച്ച് 22ന് വൈകിട്ട് നാലിന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് പ്രകടനം തുടങ്ങും. തലശേരി, പിണറായി, പാനൂര്‍, കൂത്തുപറമ്പ്, എടക്കാട്, അഞ്ചരക്കണ്ടി ഏരിയകളില്‍ നിന്നായി ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുംബ സമേതം പ്രകടനത്തില്‍ പങ്കെടുക്കുമന്നും ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് പൊതുസമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ.എന്‍. ഷംസീര്‍, സിഐടിയു ജില്ലാ പ്രസിഡന്റ് പുഞ്ചയില്‍ നാണു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.പി. ശ്രീധരന്‍, തലശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, വാഴയില്‍ ശശി, വി.പി. വിജേഷ് എന്നിവര്‍ സംബന്ധിച്ചു.