കോട്ടയം: കെഎസ്ആര്‍ടിസി പുതിയതായി ആരംഭിച്ച സില്‍വര്‍ ലൈന്‍ ജെറ്റ് ബസ് സര്‍വീസിനു യാത്രക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണം. കോട്ടയം- കാസര്‍ഗോഡ് റൂട്ടിലാണ് സില്‍വര്‍ ലൈന്‍ ബസ് സര്‍വീസ് നടത്തുന്നത്. സമയലാഭമാണ് സില്‍വര്‍ ജെറ്റ് ബസുകളുടെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും എല്ലാ ദിവസവും രാത്രി 8.15ന് യാത്ര ആരംഭിക്കുന്ന ബസ് പുലര്‍ച്ചെ 5.15ന് കാസര്‍ഗോഡ് എത്തിച്ചേരും. ഇതേ സമയത്ത് കാസര്‍ഗോഡില്‍ നിന്നും മറ്റൊരു ബസ് കോട്ടയത്തേക്കും പുറപ്പെടും.
മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കോട്ടയ്ക്കല്‍, കോഴിക്കോട്, മാഹിപാലം, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞാങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ബസിനു സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കോട്ടയത്ത് നിന്നും കാസര്‍ഗോഡിനു 541 രൂപയും കോഴിക്കോടിന് 351 രൂപയുമാണ് ചാര്‍ജ്. ദിവസവും 20,000 രൂപയ്ക്കു മേല്‍ കളക്ഷന്‍ ലഭിക്കാറുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ബസിന് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഇരുവശത്തും രണ്ടുസീറ്റു വീതം 40പുഷ്ബാക്ക് സീറ്റുകളുള്ള ബസില്‍ ജിപിഎസ് സംവിധാനവുമുണ്ട്. ജിപിഎസ് സംവിധാനമുള്ളതിനാല്‍ ബസിന്റെ സ്പീഡ്, ബസ് ഏതുസ്ഥലത്തെത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലിരുന്നറിയാന്‍ കഴിയും. വൈഫൈ സംവിധാനം ബസിലുണ്ടെന്ന അറിയിച്ചിരുന്നെങ്കിലും ബസ് എത്തിയപ്പോള്‍ വൈഫൈ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.