മാവേലിക്കര: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ച ഉമ്പര്‍നാട് സ്വദേശിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുണ്ടോയെന്ന സംശയം പ്രദേശവാസികളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഉമ്പര്‍നാട് സ്വദേശി നിഥിന്‍ സുകുമാ(23) റിനെയാണ് യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പിടികൂടാനുള്ളത്. വിവരങ്ങള്‍ നാട്ടുകാര്‍ അറിഞ്ഞയുടന്‍ നാട്ടില്‍ നിന്നും മുങ്ങിയ ഇയാളെ കുറിച്ച് യാതൊരുവിവരവും ഇല്ല.
പ്രദേശത്തുള്ളവരുടേതുള്‍പ്പടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് ഇയാളുടെ മൊബൈലിലും പെന്‍ഡ്രൈവിലുമായി പ്രദേശവാസികളായ യുവാക്കള്‍ കണ്ടെത്തിയത്. സമീപവാസിയായ യുവതിയുടെ ഫോണിലേക്ക് അവരുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന് വിദേശത്തുനിന്നും ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഇയാളെകുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. പ്രദേശത്തുള്ള മറ്റൊരു യുവതിയുടെ അമിതമായ ഫോണ്‍ വിളികളെ കുറിച്ച് സംശയം തോന്നിയ ഭര്‍ത്താവ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ കാമുകന്‍ നിഥിന്‍ ആണെന്നു കണ്ടെത്തി. അതിനെ തുടര്‍ന്ന് നാട്ടുകാരും മറ്റും ഇയാളെ ഈ വിഷയത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ പരിശോധിക്കുമ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച് പെന്‍ഡ്രൈവിനുള്ളില്‍ നിന്നും മറ്റുമായി ആയിരക്കണക്കിന് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത നിലയിലും മറ്റും കണ്ടതെന്ന് സമീപവാസികളായ യുവാക്കള്‍ പറയുന്നു. സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന ചില അശ്ലീല സൈറ്റുകള്‍ ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അക്കൗണ്ട് മുഖേന പണം നല്‍കുന്നുണ്ടെന്നും ഇതിനാണോ ഇത്രയും ചിത്രങ്ങള്‍ ശേഖരിച്ചതെന്ന സംശയവും പ്രദേശവാസികള്‍ക്കുണ്ട്.
ഫേസ് ബുക്കില്‍ നിന്നും അല്ലാതെയും സംഘടിപ്പിച്ച ചിത്രങ്ങളില്‍ നിന്ന് തല ഭാഗം എടുത്ത ശേഷം ബാക്കി നഗ്നഭാഗങ്ങള്‍ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ചേര്‍ത്താണ് ഇത്തരം നഗ്നചിത്രങ്ങള്‍ ഇയാള്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകള്‍ അറിയാത്ത ഇയാള്‍ക്ക് ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഇയാള്‍ക്കു പിന്നില്‍ ഇത്തരത്തിലുള്ള വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുമാണ് നാട്ടുകാരുടെ സംശയം. അന്വേഷണം നടന്നുവരുന്നതായും പ്രതി ഉടന്‍ പിടിയിലാകുമെന്നും മാവേലിക്കര സി.ഐ ശ്രീകുമാര്‍ അറിയിച്ചു.