സ്ത്രീധന പീഡനം: ഭര്‍ത്താവിനും ഭര്‍തൃസഹോദരനും തടവും പിഴയും

PKD-COURTപാലക്കാട്:  സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ  സഹോദരനും തടവും പിഴശിക്ഷയും വിധിച്ചു. കോട്ടായി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍  പാലക്കാട്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്  മജിസ്‌ട്രേറ്റ് കോടതി (നമ്പര്‍ ഒന്ന് ) ജഡ്ജ് സിന്ധു തങ്കം ആണ് ശിക്ഷ വിധിച്ചത്. കേസ്സില്‍ ഭര്‍ത്താവിന് ആറുമാസം കഠിനതടവും, അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഗീതയുടെ അമ്മ ശാരദയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഷീറ്റ്, ജനല്‍ എന്നിവ കേടു വരുത്തിയതിന് അനുജന്‍ ജനാര്‍ദ്ദനന്‍ രണ്ടായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു.

പരുത്തിപ്പുള്ളി തോട്ടക്കര ഗംഗാധരന്‍ മകള്‍ ഗീത കൊടുത്ത പരാതിയിലാണ് വിധി. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മണികണ്ഠനുമായി വേര്‍പിരിഞ്ഞാണ് ഗീത രണ്ട് മക്കളോടൊപ്പം അമ്മയോടൊപ്പം  താമസിക്കുന്നത്. ഭര്‍ത്താവ് മണികണ്ഠനും അനുജന്‍ ജനാര്‍ദ്ദനനും കൂടി ഗീത താമസിക്കുന്ന വീട്ടില്‍ വന്ന് വീട് സ്വന്തം പേര്‍ക്ക് എഴുതിത്തരണമെന്ന് പറഞ്ഞ് മണികണ്ഠന്‍ അക്രമിച്ചുവെന്നും തുടര്‍ന്ന് വീടിന്റെ ജനലും ആസ്ബറ്റോസ് ഷീറ്റ് തല്ലിപ്പൊട്ടിക്കുകയും ചെയ്തുവെന്നാണ് കേസ്സ്. പ്രോസിക്യൂഷനുവേണ്ടി  അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഷീബ ഹാജരായി.

Related posts