സ്വപ്നയുടെ ജീവനുവേണ്ടി ഒരു നാട് കൈകോര്‍ക്കുന്നു; ഒപ്പം പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനും

sahayamചെറുതോണി: ഇരുവൃക്കകളും തകരാറിലായി അമൃത ആശുപത്രിയില്‍ കഴിയുന്ന ഇടുക്കി നരിയംപാറയിലുള്ള സ്വപ്‌നയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിന് നാടൊരുമിക്കുമ്പോള്‍ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനും ഇന്നു ജില്ലയിലെ ഇടുക്കി യൂണിറ്റിന്റെ കീഴിലുള്ള 20 ബസുകള്‍ സ്വപ്‌നയ്ക്കുവേണ്ടി ഓടുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ബസില്‍ ഇന്ന് യാത്രക്കാര്‍ക്കു ടിക്കറ്റില്ല. പകരം ബക്കറ്റുമായി പിരിവ്  നടത്തും. ഓരോരുത്തരും അവരവര്‍ക്കാവുന്ന സഹായം  ചെയ്യുക. ഇടുക്കി  മരിയാപുരം, പഞ്ചായത്തിലെ  നായരുപാറ എരിമറ്റില്‍ സന്തോഷ്-ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തകുട്ടിയാണ് ബിരുദ വിദ്യാര്‍ഥിനിയായ സ്വപ്‌ന.കിഡ്‌നി  തകരാറിലായി ചികിത്സയിലായിട്ട് രണ്ടുവര്‍ഷമായി. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരവധി ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഡ്‌നി മാറ്റിവയ്ക്കുകയാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതിന് 15 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും തുക സ്വപ്‌നം കാണാന്‍ പോലും സന്തോഷിനാവില്ല. ൗ സാഹചര്യത്തിലാണ് നാട്ടുകാര്‍ മുന്നോട്ടുവന്നത്. ഇടുക്കി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു ഇരുമ്പുകുത്തിയില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ  ഇടുക്കി ശാഖയില്‍ 0123053000038283 എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സ്വപ്‌നയ്ക്കുവേണ്ടി ഇന്ന് പ്രൈവറ്റ് ബസുകള്‍ ഓടുമ്പോള്‍ നാടിന് മാതൃകയാവുകയാണ്.

Related posts