കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്നും വന്‍ തിരിച്ചടി. മാനേജ്‌മെന്റ് സീറ്റുകളടക്കം മുഴുവന്‍ മെഡിക്കല്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പ്രവേശനം സുതാര്യമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്.
മാനേജുമെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കുകയും പ്രവേശനം നടത്തുകയും ചെയ്യാം. അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ മുഖേനയാവണം. നീറ്റ് പട്ടികയില്‍നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നടത്താന്‍ സാധിക്കുകയുള്ളു. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജയിംസ് കമ്മിറ്റിക്ക് നല്‍കണം. അപേക്ഷയുടെ വിവരങ്ങളും റാങ്ക് പട്ടികയും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. പ്രോസ്‌പെക്ടസിന് ജയിംസ് കമ്മിറ്റിയുടെ അംഗീകാരം വേണം. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും കോടതി വ്യക്തമാക്കി. മാനേജ്‌മെന്റ് സീറ്റില്‍ മാനേജുമെന്റുകള്‍ക്ക് പൂര്‍ണ അവകാശം ഉണ്‌ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വാശ്രയ കോളജുകളിലെ മുഴുവന്‍ എംബിബിഎസ്, ബിഡിഎസ് സീറ്റുകളും ഏറ്റെടുത്തു സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറെക്കൊണ്ട് അലോട്ട്‌മെന്റ് നടത്താനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനാണ് ഇപ്പോള്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്.