സൗഹൃദസന്ദര്‍ശനം! മുഖ്യമന്ത്രി കാന്തപുരത്തെ കണ്ടു; രാഷ്ട്രീയമോ മദ്യനയമോ ചര്‍ച്ച ചെയ്തിട്ടില്ല; രാഷ്ട്രീയ നിലപാട് ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്ന് കാന്തപുരം

Ummanകോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്‌ല്യാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെ എട്ടോടെ കാരന്തൂര്‍ മര്‍കസിലായിരുന്നു സന്ദര്‍ശനം. കുന്നമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദീഖും ഒപ്പമുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍ അസാധാരണമായി ഒന്നുമില്ലെന്നും സൗഹൃദസന്ദര്‍ശനം മാത്രമാണ് നടന്നതെന്നും സന്ദര്‍ശനശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുണ്ടെന്നും എന്നാലിത് ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്ന് കാന്തപുരവും പറഞ്ഞു. രാഷ്ട്രീയമോ മദ്യനയമോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

അതേസമയം കുന്നമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദീഖിനെ കാര്യമായി സഹായിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചു. ഇതിനോട് കാന്തപുരം അനുകൂലമായി പ്രതികരിച്ചുവെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ മുഖ്യമന്ത്രിയും കാന്തപുരവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ഇടതുഅനുകൂല നിലപാടു സ്വീകരിച്ചിരുന്ന എ.പി വിഭാഗം ഇത്തവണ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

Related posts