ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ക്രിമിനലുകള്‍ ആണെന്ന ജി. സുധാകരന്റെ പ്രസ്താവന അപഹാസ്യവും, നിന്ദ്യവുമാണെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും, ഹരിപ്പാട് എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഹരിപ്പാട് നിയോജകമണ്ഡലം ഉള്‍ക്കൊള്ളുന്ന ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എംപിയായ കെ.സി. വേണുഗോപാലും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരൂം മാത്രമാണെന്നിരിക്കെ ഇതില്‍ സുധാകരന്‍ പറഞ്ഞ ക്രിമിനലുകള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുവാനുള്ള ധാര്‍മ്മികത കാട്ടണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയും, കെ.സി. വേണുഗോപാലുമല്ല ക്രിമിനലുകള്‍ എങ്കില്‍ സുധാകരന്റെ പ്രസ്താവനയില്‍ ഞങ്ങള്‍ക്ക് മറിച്ചൊരഭിപ്രായം ഇല്ല. ജില്ലയിലെ പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക ചികിത്സാസൗകര്യങ്ങളോടെ ആരംഭം കുറിച്ച ഹരിപ്പാട് മെഡിക്കല്‍ കോളജ് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ എന്തുവില കൊടുത്തും നേരിടുമെന്നും ഷുക്കൂര്‍ പറഞ്ഞു.