തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശികളായ സജിത്ത് (28), കണ്ണന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം അട്ടക്കുളങ്ങര റൗണ്ടിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം കടയുടമയുമായി ഇരുവരും ചട്ടിണി കുറഞ്ഞതിനെ ചൊല്ലി വാക്കേറ്റം നടന്നിരുന്നു. ഇന്നലെ ഹോട്ടലില്‍ എത്തി പാര്‍സല്‍ വാങ്ങി വീട്ടിലേക്ക് പോയ ഇരുവരും മടങ്ങിയെത്തി പാര്‍സലില്‍ പുഴുവിനെ കണ്ടുവെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയുമായി വാക്കേറ്റം നടന്നു. ഫുഡ് സേഫ്ടി അധികൃതര്‍ക്ക് പരാതി നല്‍കാന്‍ കടയുടമ പറഞ്ഞു.
പ്രതികളായ ഇരുവരും കടയുടമയെയും ഹോട്ടല്‍ ജീവനക്കാരെയും മര്‍ദ്ദിച്ചവശരാക്കിയശേഷം ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോട്ടല്‍ ഉടമയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് എസ്‌ഐ. ഷാജിമോന്‍, എസ് സിപിഒമാരായ ഫ്രാന്‍സ്‌കോ, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.