69 ഇന്ത്യന്‍ തടവുകാര്‍ക്കു യുഎഇ പൊതുമാപ്പ് നല്‍കും

nriഅബുദാബി: അബുദാബി ജയിലില്‍ കഴിയുന്ന 69 ഇന്ത്യന്‍ തടവുകാരെ യുഎഇ പൊതുമാപ്പു നല്‍കി മോചിപ്പിക്കും. റംസാനോടനുബന്ധിച്ച് യുഎഇ ജയിലുകളില്‍ കഴയുന്ന 1,010 തടവുകാരെയാണ് പ്രസിഡന്റ് ഷേക്ക് ഖലീഫ ബിന്‍ സയാദ് അല്‍ നഹ്യാന്‍ മാപ്പ് നല്‍കി മോചിപ്പിക്കുന്നത്.

ഇന്ത്യക്കാരെ വിട്ടയയ്ക്കുന്ന വിവരം അബുദാബിയിലെ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്്ട്. എന്നാല്‍ വിട്ടയയ്ക്കുന്നവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ പട്ടിക ഉടന്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അറിയിച്ചു. 1,000ല്‍ അധികം ഇന്ത്യക്കാരാണ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് യുഎഇ ജയിലുകളില്‍ കഴിയുന്നത്.

ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവച്ചവരെയാണ് പൊതുമാപ്പു നല്‍കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാര്‍ക്ക് പുതിയ ജീവിതം നല്‍കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മാപ്പ് നല്‍കി മോചിതരാക്കുന്നത്.

Related posts