ചടയമംഗലത്ത് സ്ഥാനാര്‍ഥികളുടെ ഒന്നാംഘട്ടപ്രചാരണം സമാപിച്ചു

klm-electionആയൂര്‍: ചടയമംഗലം നിയോജകണ്ഡലത്തിലെ മൂന്നു മുന്നണികളുടേയും ഒന്നാംഘട്ട പ്രചാരണം സമാപിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ പിന്തുണ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായാണ് മൂന്നു മുന്നണികളിലേയും സ്ഥാനാര്‍ഥികളുടെ അഭിപ്രായം. പ്രചാരണം നടത്തുന്നതിനിടെ എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടി സ്വകാര്യസംഭാഷണം നടത്തിയത് ഇരുമുന്നണിയിലേയും മറ്റ് നേതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ കൗതുകമായി. കഴിഞ്ഞദിവസം ഇളമാട് നടന്ന പ്രചാരണ പരിപാടിയ്ക്കിടെയാണ് സംഭവം നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി എംഎം ഹസന്റെ ഒന്നാംഘട്ട പ്രചരണം ഇന്നലെയാണ് സമാപിച്ചത്. ഇന്നലെ രാവിലെ ചടയമംഗലത്തെ മൂന്നു മരണവീടുകളിലെത്തി മരണമടഞ്ഞവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷമാണ് എംഎം ഹസനും നേതാക്കളും പ്രചരണത്തിനിറങ്ങിയത്.

ഇളമാട് നിന്നും ആരംഭിച്ച പ്രചാരണം കാരാളികോണത്ത് സമാപിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിന് മുന്നോടിയായി നിലമേല്‍ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി സെക്രട്ടറി എംഎം നസീര്‍, കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങളായ ചിതറ മധു, എ ഹിദുര്‍ മുഹമ്മദ്, ആര്‍എസ് അരുണ്‍ രാജ്, ബ്ലോക്ക് പ്രസിഡന്റുമാരായ വിഓ സാജന്‍, എ ലത്തീഫ്, ഇലിയാസ് റാവുത്തര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
വിഷുദിനത്തില്‍ ചിതറ പഞ്ചായത്തില്‍ പര്യടനം നടത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്‌നാകരന്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയത്.

ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ ഇളമാട് ഗ്രാമപഞ്ചായത്തില്‍ പര്യടനം നടത്തി രണ്ടാംഘട്ടപ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വൈകുന്നേരം നിലമേല്‍ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നിയോജകണ്ഡലം കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാകമ്മിറ്റിഅഗം ബി രാജപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചടയമംഗലം മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ മുസ്തഫ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പികെ ഗുരുദാസന്‍, സിപിഎം സംസ്ഥാനകമ്മിറ്റിഅംഗങ്ങളായ എസ് രാജേഷ്, കൊല്ലായി സുധേവന്‍, മുന്‍ എംഎല്‍എമാരായ എന്‍ അനിരുധന്‍, കെആര്‍ ചന്ദ്രമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥി കെ. ശിവദാസന്റെ ഒന്നാംഘട്ട പ്രചാരണം ഇളമാട് സമാപിച്ചു. രണ്ടാംവട്ട പ്രചാരണത്തിന് വിഷുദിനത്തില്‍ തുടക്കം കുറിച്ചു. കടയ്ക്കല്‍ ടൗണില്‍ നിന്നും ആരംഭിച്ച പ്രചാരണം കാഞ്ഞിരത്തുംമൂട്, ഐരക്കുഴി, ചിതറ എന്നിവടങ്ങിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു.  റോഡുവിളയില്‍ നിന്നും ആരംഭിച്ച പ്രചാരണം കരിങ്ങന്നൂര്‍, ഓയൂര്‍, വെളിനല്ലൂര്‍, അമ്പലംകുന്ന്, ഇളമാട് എന്നിവിടങ്ങളിലെ വോട്ടര്‍മാരെ കണ്ടശേഷം ചടയമംഗലം ടൗണില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എംആര്‍ സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ പുത്തയം ബിജു, ഹരി, വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു, ശശിധരന്‍ പിള്ള, വിഎസ് ഉണ്ണി, കരിങ്ങന്നൂര്‍ മനോജ്, മനു ദീപം, രവീന്ദ്രനാഥ്, ചിതറ അനില്‍, മഞ്‌ജേഷ്, ഇളമാട് സുരേഷ്, ജയകുമാര്‍, വേണു, കെ രാജീവ്, രഘുനാഥ്, ടിവി പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കോട്ടുക്കല്‍ ശ്രീ ഗണേഷ് ഓഡിറ്റോറിയത്തില്‍ നടന്ന എന്‍ഡിഎയുടെ ഇട്ടിവ ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ ബിജെപി ജില്ലാ സെക്രട്ടറി വയയ്ക്കല്‍ മധു ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ ഇട്ടിവ ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ഭാരവാഹികളായ മനു ദീപം, പ്രമോദ് മലപ്പേരൂര്‍, എംആര്‍ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം എശ് വിജയന്‍, പുത്തയം ബിജു, ഹരി പറമ്പില, സജു കാട്ടാമ്പള്ളി, ബിനു ചുണ്ട, രമേശ് എന്നിവര്‍ പ്രസംഗിച്ചു.

Related posts